വാഷിംഗ്ടൺ: ഗാല്‍വനിൽ ചൈനീസ് സൈനികർ തുടങ്ങി വെച്ച സംഘർഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ അമേരിക്കൻ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അധിനിവേശം എന്ന ചൈനീസ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇന്ത്യയുമായും ജപ്പാനുമായും ചൈനീസ് സൈന്യം നിരന്തരം സംഘർഷത്തിൽ ഏർപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിർത്തികൾ സുരക്ഷിതമാക്കാൻ വേണ്ടിവന്നാൽ സൈനിക ശക്തി പ്രയോഗിക്കാമെന്ന ചൈനീസ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനക്ക് തൊട്ട് പിന്നാലെയാണ് ഗാല്‍വനിൽ സംഘർഷം ഉടലെടുത്തതെന്ന് യുഎസ്- ചൈനാ ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അധിനിവേശമായിരുന്നു ഇതിലൂടെ ചൈന ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ ഇന്ത്യ ഇതിനെ ഫലപ്രദമായി നേരിട്ട് പരാജയപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാല്‍വൻ സംഘർഷത്തിന് ആഴ്ചകൾക്ക് മുൻപ് ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ വന്ന റിപ്പോർട്ടും അമേരിക്കൻ പാനൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് കനത്ത പ്രഹരം വരാനിരിക്കുന്നു എന്ന തരത്തിലായിരുന്നു ആ റിപ്പോർട്ട്.
ഇന്ത്യയും ചൈനയുമായി കഴിഞ്ഞ ജൂൺ 15-16 തീയതികളിലായിരുന്നു ഗാല്‍വനിൽ സംഘർഷം ഉണ്ടായത്. കിഴക്കൻ ലഡാക്കിലെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനായി ചൈന നടത്തിയ ശ്രമത്തിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യ നടത്തിയ ശക്തമായ ചെറുത്തു നിൽപ്പിൽ നാൽപ്പതോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post