ന്യൂഡൽഹി: ഗാൽവൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
“കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ചൈന നടത്തിയ ഏകപക്ഷീയമായ നീക്കങ്ങളാണ് കഴിഞ്ഞ ആറു മാസമായി അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുകളും ചൈന ലംഘിച്ചു”- വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മാത്രമല്ല, യഥാർത്ഥ നിയന്ത്രണരേഖയിൽ ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുതെന്നും സൈനിക സാന്നിധ്യം വർദ്ധിപ്പിക്കരുതെന്നും പറയുമ്പോഴും ചൈനയുടെ വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
നയതന്ത്ര-സൈനിക തലത്തിലുള്ള ആശയവിനിമയത്തിലൂടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുന്ന ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Discussion about this post