തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഒൻപത് മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് ശേഷമാണ് കസ്റ്റംസ് അയ്യപ്പനെ വിട്ടയച്ചത്.
രാവിലെ പത്ത് മണിയോടെയാണ് അയ്യപ്പൻ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. വൈകീട്ട് ഏഴേകാലോടെയാണ് അയ്യപ്പനെ വിട്ടയച്ചത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്തത്.
സ്പീക്കർ നടത്തിയ വിദേശയാത്രകളെക്കുറിച്ചും യാത്രകളിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ചുമുള്ള വിശദാംശങ്ങൾ കസ്റ്റംസ് ചോദിച്ചറിഞ്ഞു. വിദേശ യാത്രയ്ക്കിടെ ഡോളർകടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും കസ്റ്റംസ് അന്വേഷിച്ചു.
അയ്യപ്പനിൽ നിന്നും കസ്റ്റംസ് നിർണ്ണായക മൊഴികൾ രേഖപ്പെടുത്തിയതായാണ് സൂചന. ഡോളർ കടത്തുമായി ബന്ധപ്പെട്ട് മൂന്നാം തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരായത്.
Discussion about this post