ഹൈദരാബാദ് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുഎഇ ഇന്ത്യയിലേക്ക് നാടുകടത്തിയ യുവതി ഹൈദരാബാദില്‍ പിടിയില്‍. നിക്കി ജോസഫ് എന്ന യുവതിയാണ് ഐഎസ് ബന്ധത്തിന്റെ പേരില്‍ പൊലീസ് പിടിയിലായത്. ഹൈദരാബാദ് വിമാനത്താവളത്തില്‍വച്ച് തെലങ്കാന പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ദുബായില്‍ നിന്നും ഭര്‍ത്താവ് ദേവേന്ദര്‍ ബാത്രയ്ക്കൊപ്പം ഇന്നലെ രാത്രി ഹൈദരാബാദിലെത്തിയപ്പോഴാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മുസ്തഫ എന്നും നിക്കി ജോസഫിന് ആയിഷ എന്നും പേരുള്ളതായി പൊലീസ് അറിയിച്ചു. ആളുകളെ ഐഎസിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരാളില്‍ നിന്നും ഇവരുടെ ഐഎസ് ബന്ധത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിരുന്നു. സല്മാന് മൊയ്നുദീന് എന്ന മുപ്പതുകാരനാണ് നിക്കി ജോസഫ് എന്നു പേരുള്ള ഒരു യുവതി ഐഎസിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതായി പൊലീസിനോട് വെളിപ്പെടുത്തിയത്. ഓണ്‍ലൈനില്‍ താനുമായി ബന്ധപ്പെട്ട നിക്കി ജോസഫ് തന്നെ ഇഷ്ടമാണെന്നു പറഞ്ഞെന്നും തന്നോടൊപ്പം സിറിയയിലേക്ക് കടന്ന് ഐഎസില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയെന്നും സല്മാന് പൊലീസിനെ അറിയിച്ചിരുന്നു.
നേരത്തെ, ഐഎസ് ബന്ധം സംശയിച്ച് രണ്ടു മലയാളികളെ യുഎഇ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇസ്്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നായിരുന്നു നടപടി. കേരളത്തിലെത്തിച്ച ഇവരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനു ശേഷം കൗണ്‍സലിങ്ങിനും വിധേയരാക്കി വിട്ടയച്ചിരുന്നു.
Discussion about this post