ധാക്ക: കോവിഡ് 19 വാക്സിന് നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്കയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രതികരണം. ജനുവരി 25 മുതല്‍ 26 വരെ ഇന്ത്യയില്‍ നിന്ന് വാക്സിനുകള്‍ എത്തുമെന്ന് ഹസീന അറിയിച്ചു. അതേസമയം കോവിഡ് 19 വാക്സിന് വാങ്ങുന്നതില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി ഹസീന, കൊറോണ വൈറസിനെ നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
നേരത്തെ ധാക്കയില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി കോവിഡ് 19 വാക്സിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ കെ അബ്ദുള്‍ മോമെന്‍, ആരോഗ്യമന്ത്രി സാഹിദ് മാലെക് എന്നിവര്‍ക്ക് കൈമാറി. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇന്ത്യ ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി വാക്സിന് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വാക്സിനുകള്‍ ഇന്ത്യ വിതരണം ചെയ്തതായും വിക്രം ദൊരൈസ്വാമി പറഞ്ഞു. 20 ലക്ഷം ഡോസ് കോവിഷീല്‍ഡ് ഇന്ത്യ അയല്‍രാജ്യങ്ങളിലേയ്ക്ക് അയച്ച ഏറ്റവും വലിയ സമ്മാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post