വയനാട്: മലബാര്‍ വിപ്ലവം പ്രമേയമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ സിനിമയുടെ ചിത്രീകരണം നാളെ ആരംഭിക്കുമെന്ന് സംവിധായകന് അലി അക്ബര്‍. സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ വെച്ച് നടക്കുമെന്നും താരങ്ങളും ചിത്രത്തിന്റെ ക്രൂവും അവിടെയെത്തിയതായും അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
നാളെ കാലത്ത് എട്ട് മണിക്കാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കഴിഞ്ഞ ജൂണ്‍ 26ന് വായുവില്‍ നിന്നും തുടങ്ങിയ സിനിമ നാളെ യാഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യപടി ചവിട്ടുമെന്നും അലി അക്ബര്‍ പറഞ്ഞു. വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍ 30 ദിവസം നീണ്ടുനില്‍ക്കും. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ‘വാരിയംകുന്നന്’ എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി 1921 എന്ന സിനിമ ഒരുക്കുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടി രൂപയോളമാണ് ഇതുവരെ സിനിമാ നിര്‍മാണത്തിനായി ലഭിച്ചത്.
Discussion about this post