ഡൽഹി: ജമ്മു കശ്മീരിൽ ഭീകരത്താവളം തകർത്ത സുരക്ഷാ സേന നിരവധി ആയുധങ്ങൾ പിടികൂടി. അനന്ത്നാഗ് വനത്തിനുള്ളിലായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെയും കശ്മീർ പൊലീസിന്റെയും സംയുക്ത നീക്കം. കൃഷ്ണ ധാബ ആക്രമണത്തിന്റെ ഗൂഢാലോചനക്കാരിൽ ഒരാളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു സൈന്യത്തിന്റെ പരിശോധന.
എ കെ 47 തോക്കുകൾ, ചൈനീസ് പിസ്റ്റളുകൾ, ചൈനീസ് ഗ്രനേഡുകൾ, ടെലിസ്കോപ്പ്, തിരകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഭീകരർക്കായി പ്രദേശത്ത് ശക്തമായ തിരച്ചിൽ തുടരുകയാണ്.
അതേസമയം കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 19ന് ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
അതേദിവസം തന്നെ ബുദ്ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ടത് ലഷ്കർ ഭീകരരാണ് എന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.
Discussion about this post