തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധന പദ്ധതി വിവാദത്തിൽ നിന്നു തലയൂരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നിരത്തിയ വാദങ്ങൾ വാസ്തവവിരുദ്ധമെന്ന് ഔദ്യോഗിക രേഖകൾ. മുഖ്യമന്ത്രിയുടെ ഓഫിസും മുതിർന്ന ഉദ്യോഗസ്ഥരും അറിഞ്ഞു തന്നെയാണു ധാരണാപത്രം ഒപ്പിട്ടതെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നു വ്യക്തമായിട്ടുണ്ട്.
അസെൻഡ് നിക്ഷേപക സംഗമം വഴി സർക്കാർ ഒപ്പിട്ട ധാരണാപത്രമാണ് യഥാർഥ പ്രശ്നം എന്നു സമ്മതിക്കാതിരുന്ന സർക്കാർ, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) ഒപ്പിട്ട ധാരണാപത്രമാണ് എല്ലാ പ്രശ്നങ്ങൾക്കും ഇടയാക്കിയത് എന്നും, കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞില്ലെന്നും അവകാശപ്പെട്ടു. വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ ഇതെല്ലാം കള്ളമാണെന്ന് തെളിയുകയാണ് .
ഇഎംസിസി കമ്പനിയുമായി കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിടും മുൻപു തന്നെ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കരൻ, അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കു അറിവുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. അസെൻഡ് നിക്ഷേപക സംഗമത്തിനു ശേഷം, ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകി സർക്കാരിനു വേണ്ടി കെഎസ്ഐഡിസി 2020 ഫെബ്രുവരി 28ന് ധാരണാപത്രം ഒപ്പിട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രോളറുകൾ നിർമിക്കാനുള്ള ധാരണാപത്രം 2021 ഫെബ്രുവരി 2ന് കെഎസ്ഐഎൻസി ഒപ്പിട്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ഐഎൻസി ഒപ്പിട്ടത് ട്രോളർ നിർമാണ ധാരണാപത്രമാണ്; ആഴക്കടൽ മത്സ്യബന്ധനത്തിനല്ല. ആഴക്കടൽ മത്സ്യബന്ധനത്തിലെ അപകടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു കൊണ്ടുവന്നതോടെ സർക്കാർ കെഎസ്ഐഎൻസിയെയും എംഡി എൻ. പ്രശാന്തിനെയും പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കെഎസ്ഐഎൻസിയുടെ ധാരണാപത്രം സർക്കാരിന്റെ അനുമതിയോടെ അല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും വാദം.
“ഒരു കമ്പനി വരുന്നു, ധാരണാപത്രം ഒപ്പിടുന്നു. വകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറിയും മന്ത്രിയും സർക്കാരും ഒന്നുമറിയുന്നില്ല. എന്തിനായിരുന്നു ഇത്ര ധൃതി. എവിടെയോ ആലോചന നടന്നു, ഒപ്പിട്ടു.” ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 28ന് പറഞ്ഞത്
ധാരണാപത്രം ഒപ്പിട്ട ശേഷം മേജർ ദിനേശിനെ അറിയിക്കുകയും അദ്ദേഹം പ്രശാന്തിനെ അഭിനന്ദിക്കുകയും ചെയ്തതായി തെളിവുകൾ ലഭിച്ചിട്ടുണ്ട് .വകുപ്പു മേധാവിയായ ടി.കെ. ജോസ് പ്രശാന്തിനെ അഭിനന്ദിക്കുകയും വാർത്തയ്ക്കു പ്രചാരം നൽകാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനു ധാരണാപത്രം ഒപ്പിട്ട വാർത്തയും ചിത്രവും ഫെബ്രുവരി 2നു വാട്സാപ്പിൽ അയച്ചതിന്റെ രേഖയും ഫയലിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ 2020 ഡിസംബറിൽ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷുമായി നടത്തിയ ആശയവിനിമയവും രേഖകളിലുണ്ട്.
ധാരണാപത്രം ഒപ്പിടുംമുൻപ് മുഖ്യമന്ത്രിയുടെ ഓഫിസുമായും ഉന്നതോദ്യോഗസ്ഥരുമായും വാട്സാപ് വഴി ആശയവിനിമയം നടത്തിയതിന്റെ രേഖകൾ ഫയലിലുണ്ട്. ഫെബ്രുവരി ഒന്നിനു മേജർ ദിനേശുമായി ചർച്ച ചെയ്തുവെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ ഓൺലൈൻ ആയി മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്ത് ഫയലിൽ എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അറിയിക്കണമെന്നു പ്രശാന്ത് ആവശ്യപ്പെടുകയും മേജർ ദിനേശ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post