കോയമ്പത്തൂർ : നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് പൊലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് സ്വതന്ത്യ സ്ഥാനാര്‍ഥിയായ പളനികുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടൂര്‍ പൊലീസ് കമലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാംനഗറിലെ രാമക്ഷേത്രത്തിന് സമീപം ശ്രീരാമനായും ദേവിയായും വേഷമിട്ടെത്തിയ അഭിനേതാക്കള്‍ കമല്ഹാസന് വേണ്ടി പ്രചരണം നടത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചതിന് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല് സിനിമാ രംഗം ഉപേക്ഷിക്കാന്‍ തയ്യാറെന്ന് കമല്ഹാസന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കുന്നതിനായാണ് രാഷ്ട്രീയം തെരഞ്ഞെടുത്തത്. ഇതിന് സിനിമ ഒരു തടസ്സമായാല് അത് ഉപേക്ഷിക്കുമെന്നാണ് കമല്‍ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post