കോഴിക്കോട് : കൊവിഡ് തീവ്രത മുന്നില്‍ കണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ‘മെയ്ക്ക് ഷിഫ്റ്റ്’ഐ സി യു ആശയത്തിലേക്ക് കേരളവും. ഐ സി യുവില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താത്കാലിക ഐ സി യു സംവിധാനമാണ് ‘മെയ്ക്ക് ഷിഫ്റ്റ്’ ഐ സി യു.
കൊവിഡ് രോഗികള്‍ക്ക് ആവശ്യമായത്ര ഐ സി യു സംവിധാനങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും വരും നാളുകളില്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ള ഏത് ഗുരുതര സാഹചര്യവും നേരിടുകയെന്നതിന്റെ ഭാഗമായാണ് താത്കാലികമായി നിര്മിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി പദ്ധതി രൂപരേഖയെ കുറിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നേരിട്ട് അന്വേഷിച്ചു.
ഇതിന്റെ നിര്‍മാണത്തിന് സിമന്റ് ബ്ലോക്കുകളോ കല്ലുകളോ ആവശ്യമില്ല. സാധാരണ കെട്ടിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്ലൈവുഡ്, ജി ഐ പൈപ്പുകള്‍ തുടങ്ങിയവ ഉപയോഗിച്ച് താത്കാലിക ചുമരുകളാണ് ഉയരുന്നത്. ആശുപത്രി വാര്‍ഡ് മാതൃകയിലുള്ള സംവിധാനത്തില്‍ ക്ലിനിക്കിനും മറ്റുമായി പ്രത്യേക മുറികള്‍ സജ്ജീകരിക്കും.
സ്വകാര്യ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ സംവിധാനം തയ്യാറാക്കുന്നുണ്ട്. പത്ത് കിടക്കകളുള്ള സംവിധാനം ആദ്യ ഘട്ടത്തില്‍ ഇവിടെ ഒരുങ്ങിയിട്ടുണ്ട്. മറ്റൊന്നിന്റെ പണി നടക്കുന്നു. ഇതിന് പുറമെ 25 രോഗികള്‍ക്കുള്ള മറ്റൊരു ഐ സി യുവും ഉടന്‍ പണി പൂര്‍ത്തിയാകും.
ഈ മാതൃക പഠിക്കുന്നതിന്റെ ഭാഗമായാണ് ഇതിനെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞത്. ഈ സംവിധാനം സംസ്ഥാനത്തുടനീളം പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാറിനെ സഹായിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരമാവധി പത്ത് ദിവസം വരെ മാത്രമേ പത്ത് കിടക്കകളുള്ള ഈ സംവിധാനം തയ്യാറാക്കാന്‍ വേണ്ടി വരുന്നുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത. പുറമെ നിര്‍മാണ ചെലവ് വളരെ കുറവുമാണ്. നിലവിലെ ഐ സി യു കിടക്കകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ തന്നെ തികയാതെ വരും എന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഐ സിയു സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കേരളത്തിന് പുറത്ത് കര്‍ണാടകയില്‍ 2,000 മെയ്ക്ക് ഷിഫ്റ്റ് ഐ സി യു കിടക്ക സംവിധാനമൊരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ഇതിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ആശുപത്രിയോടനുബന്ധിച്ചും മറ്റ് കെട്ടിടങ്ങളിലുമാണ് ഇവിടെ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു ഒരുക്കുന്നത്. സംസ്ഥാനത്ത് ഗുരുതര കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. കേരളത്തില്‍ നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി 9,735 ഐ സി യു കിടക്കകളാണുള്ളത്. 3,776 വെന്റിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്.
Discussion about this post