കോവിഡ് ബാധിതരിൽ പിടിപെടുന്ന ഒരു ഫംഗസ് ബാധയാണ് ബ്ളാക്ക് ഫംഗസ്. കേരളത്തിൽ പലയിടത്തും ബ്ളാക് ഫംഗസ് ബാധ സ്ഥിതീകരിച്ചിരിയ്ക്കുകയാണ്. ഈ അവസരത്തിൽ ബ്ളാക് ഫംഗസ് എന്താണെന്നും അതിനെതിരേ നമുക്ക് എന്ത് ചെയ്യാനാകുമെന്നും അറിയാം.
മ്യൂകോർമൈകോസിസ് (Mucormycosis) എന്നാണ് ബ്ളാക്ക് ഫംഗസ് ബാധയുടെ ശാസ്ത്രീയനാമം. മ്യൂകോർമൈസീറ്റ്സ് (Mucormycetes) എന്ന പൂപ്പൽ കുടുംബത്തിലെ അംഗങ്ങളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ഈ പൂപ്പലുകൾ സാധാരണയായി മണ്ണിലാണ് ഉണ്ടാവുക. പ്രത്യേകിച്ച് കൊഴിഞ്ഞുവീണ ഇലകൾ, കമ്പോസ്റ്റ്, ചാണകം തുടങ്ങി അഴുകുന്ന ജൈവവസ്തുക്കൾ കൂടുതലുള്ള മണ്ണിൽ ഇതിന്റെ സാന്നിദ്ധ്യമുണ്ടാകും.
ഈ പൂപ്പലുകളുടെ സ്പോറുകൾ അന്തരീക്ഷത്തിൽ കലരുകയും കൃഷിയിടങ്ങളിൽ പണിയെടുക്കുകയോ ജൈവാവശിഷ്ടങ്ങൾ അഴുകുന്ന പ്രദേശങ്ങളുമായി അടുത്തിടപഴകുകയോ ചെയ്യുന്നവരുടെ ശ്വാസകോശങ്ങളിലും സൈനസുകളിലും മറ്റും എത്തിച്ചേരുകയും ചെയ്യും. സാധാരണക്കാരിൽ ഈ പൂപ്പലുകൾ അധികം പ്രശ്നമൊന്നും ഉണ്ടാക്കാറില്ല. ഏതെങ്കിലും രീതിയിൽ രോഗപ്രതിരോധശക്തി കുറഞ്ഞവരിലാണ് ഈ പൂപ്പൽ ബാധ രൂക്ഷമാകുന്നതായി കാണുന്നത്.
കോവിഡ് കാലത്തിനു മുൻപ് മ്യൂകോർമൈക്കോസിസ് വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു രോഗമായിരുന്നു. രോഗപ്രതിരോധശക്തി വളരെക്കുറഞ്ഞ എയിഡ്സ് രോഗികളിലോ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നവരിലോ ഒക്കെ മാത്രം അതീവിരളമായി കണ്ടിരുന്ന ഈ രോഗം കോവിഡ് മഹാമാരി വന്നതിനു ശേഷം പതിനായിരക്കണക്കിനാൾക്കാരിലാണ് കണ്ടു തുടങ്ങിയത്. കോവിഡിന്റെ ആദ്യ തരംഗത്തിലും ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും ഈ രോഗബാധ കാണുന്നു.
ആർക്കാണ് ബ്ളാക്ക് ഫംഗസ് രോഗബാധയുണ്ടാകാൻ സാദ്ധ്യത കൂടുതൽ?
കോവിഡ് രോഗബാധയുണ്ടായ ശേഷം സ്റ്റീറോയ്ഡ് ചികിത്സ വേണ്ടിവന്നവരിലാണ് ബ്ളാക്ക് ഫംഗസ് രോഗം ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ. കോവിഡ് ചികിത്സയിൽ സ്റ്റീറോയ്ഡ് ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിയ്ക്കേണ്ടുന്നതിന്റെ കാരണമതാണ്. അവരിൽത്തന്നെ പ്രമേഹരോഗികൾക്ക് ഈ രോഗബാധയുണ്ടാവാൻ അധികസാദ്ധ്യതയുണ്ടെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലെരിയ പറയുന്നു.
ഇതോടോപ്പം കോവിഡ് ബാധിച്ച് വെന്റിലേറ്ററിൽ അനേകദിവസങ്ങൾ കിടക്കേണ്ടിവന്നവരിലും, കാൻസർ മുതലായ രോഗങ്ങൾക്ക് ചികിത്സിക്കുക വഴി രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും, അവയവമാറ്റ ശസ്ത്രക്രീയകൾ നടത്തിയിട്ടുള്ളവരിലും മറ്റ് രോഗങ്ങൾ കാരണം സ്റ്റീറോയ്ഡ് മരുന്നുകൾ സ്ഥിരമായി കഴിച്ചുകൊണ്ടിരിയ്ക്കുന്നവരിലുമെല്ലാം ബ്ളാക്ക് ഫംഗസ് ബാധയ്ക്കുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.
കോവിഡ് ചികിത്സയ്ക്കോ മറ്റ് രോഗങ്ങൾ കാരണമോ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ കൃഷിപ്പണികൾ ചെയ്യുന്നവർ, അഴുകിയ ജൈവാവശിഷ്ടങ്ങൾ, കമ്പോസ്റ്റ് എന്നിവയുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, മൃഗപരിപാലനം ചെയ്യുന്നവർ എന്നിവരിലെല്ലാം ബ്ളാക്ഫംഗസ് ബാധ ഉണ്ടാകാൻ അധികസാദ്ധ്യതയുണ്ട്.
ബ്ളാക്ക് ഫംഗസ് ലക്ഷണങ്ങൾ:
മ്യൂകോർമൈസീറ്റ്സ് എന്ന പൂപ്പലുകൾ എവിടെയാണ് ബാധിക്കുന്നത് എന്നതിനനുസ്സരിച്ച് രോഗലക്ഷണങ്ങളും വ്യത്യസ്തമാകാം. എന്നാലും ഇന്ത്യയിൽ കൂടുതലാൾക്കാർക്കും ബ്ളാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത് മൂക്കിലും മൂക്കിനോട് ചേർന്ന സൈനസുകളിലുമാണ്. സൈനസുകളേയും കണ്ണിനേയും അതുവഴി തലച്ചോറിനേയും ഈ പൂപ്പലുകൾ വളരെപ്പെട്ടെന്ന് ആക്രമിക്കുന്നു.
മൂക്കടപ്പ്, മുഖം ഒരു വശം വീർത്ത് വരിക, സൈനസൈറ്റിസ്, മുഖത്തെ അസ്ഥികളിൽ വേദന, കണ്ണുകളിലെ വേദന, തലവേദന, പനി, പല്ലുവേദന, മൂക്കിലോ മുഖത്തോ കറുത്ത നിറത്തിൽ തൊലിയുടെ നിറം മാറ്റമുണ്ടാവുക, കാഴ്ച മങ്ങൽ, കാഴ്ച പെട്ടെന്ന് കുറഞ്ഞതായി തോന്നുക, രണ്ടായി കാണുക എന്നിവയൊക്കെയാണ് സാധാരണ ലക്ഷണങ്ങൾ. മൂക്കിൽ നിന്ന് തവിട്ടുനിറത്തിലോ കറുത്ത നിറത്തിലോ മൂക്കൊലിപ്പുണ്ടാവുന്നതായും കാണുന്നുണ്ട്. ബ്ളാക് ഫംഗസ് ശ്വാസകോശങ്ങളെയാണ് ബാധിച്ചതെങ്കിൽ ശ്വാസം മുട്ടൽ, ചുമ എന്നിവയും ഉണ്ടാവാം. ഈ ലക്ഷണങ്ങളെല്ലാം ബ്ളാക്ക് ഫംഗസ് എവിടെയാണ് ബാധിച്ചിരിക്കുന്നത് എന്നതിനനുസ്സരിച്ച് വ്യത്യാസപ്പെടാം.
എങ്ങനെ പ്രതിരോധിക്കാം?
കോവിഡ് രോഗചികിത്സയുടെ ഭാഗമായി സ്റ്റീറോയ്ഡുകൾ നൽകുമ്പോൾ ആരോഗ്യപ്രവർത്തകർ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയാണ് പ്രധാനപ്പെട്ട കാര്യം. പ്രമേഹരോഗികളിൽ സ്റ്റീറോയ്ഡ് നൽകുമ്പോൾ പ്രത്യേകിച്ചും കർശനമായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. കോവിഡ് രോഗലക്ഷണങ്ങൾ വളരെപ്പെട്ടെന്ന് വരുതിയിലാക്കാൻ തികച്ചും ഫലപ്രദമായ മരുന്നാണ് സ്റ്റീറോയ്ഡുകൾ. പക്ഷേ അത് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടേയും പരീക്ഷണഫലങ്ങളുടേയും അടിസ്ഥാനത്തിലാകണം രോഗികൾക്ക് നൽകേണ്ടത്.
രോഗികൾക്ക് നൽകുന്ന ഓക്സിജൻ മാസ്കുകളും നെബുലൈസറുകളും അണുനാശനം ചെയ്തിരിക്കണമെന്ന് ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കണം. ഓക്സിജൻ നൽകുമ്പോൾ അതിൽ ജലത്തിന്റെ അംശമുണ്ടാക്കാൻ ഉപയോഗിക്കുന്ന ഹ്യുമിഡിഫയറുകൾ കൃത്യമായി അണുനാശനം നടത്തിയതായിരിക്കണം എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രികളിലെ വായുവിൽ ഈ പൂപ്പലിന്റെ സാനിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തണം. ഇതൊക്കെയാണ് ഈ രോഗബാധ ഉണ്ടാകാതിരിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ടത്.
അതുപോലെ ചില ചെറിയ പ്രതിരോധ നടപടികൾ രോഗികൾക്കും എടുക്കാവുന്നതാണ്. കോവിഡ് രോഗബാധ നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളെ താറുമാറാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ രോഗം ഭേദമായാലും മാസങ്ങളോളം വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് സ്റ്റീറോയ്ഡ് മരുന്നുകൾ കോവിഡ് ചികിത്സയുടെ ഭാഗമായോ അല്ലാതേയോ കഴിച്ചവർ. പ്രമേഹരോഗികൾ, അവയവ മാറ്റം നടത്തിയിട്ടുള്ളവർ, കാൻസർ മുതലായ രോഗങ്ങൾക്ക് ചികിത്സ നേടിക്കൊണ്ടിരിക്കുന്നവർ ഒക്കെ കോവിഡ് രോഗചികിത്സയ്ക്ക് ശേഷം അതീവ ശ്രദ്ധ ആരോഗ്യകാര്യത്തിൽ നൽകേണ്ടതുണ്ട്.
രോഗം മാറിയാലും ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ വീട്ടിനകത്തും പുറത്തും എപ്പോഴും മാസ്ക് ധരിയ്ക്കാൻ ശ്രദ്ധിയ്ക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക, കോവിഡ് രോഗചികിത്സ കഴിഞ്ഞവർ കുറച്ചുകാലത്തേക്ക് കമ്പോസ്റ്റ്, ചാണകം, അഴുകുന്ന ജൈവാവശിഷ്ടങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിൽ വരുന്ന കൃഷിപ്പണി തുടങ്ങിയ ജോലികൾ ഒരു കാരണവശാലും ചെയ്യാതിരിക്കുക, കഴിയുന്നതും വെട്ടൽ, കിളയ്ക്കൽ ഒക്കെ ഒഴിവാക്കി മണ്ണുമായി സമ്പർക്കത്തിൽ വരുന്നത് കുറയ്ക്കുക, പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിയ്ക്കുകയും മരുന്നുകൾ മുടങ്ങാതെ കഴിയ്ക്കുകയും ചെയ്യുക.
മൂക്കിൽ അഴുക്കുവെള്ളം കയറാതെ ശ്രദ്ധിയ്ക്കുക. കുളങ്ങൾ, പുഴകൾ തുടങ്ങി ജലാശയങ്ങളിൽ കുളിക്കരുത്. അണുനാശനം നടത്തിയ വെള്ളം മാത്രം കുളിക്കാൻ ഉപയോഗിക്കുക. അണുനാശനം ചെയ്യാനുള്ള ക്ളോറിൻ ഗുളികകൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ സൗജന്യമായിത്തന്നെ ലഭിക്കും. സ്ഥലത്തെ ആരോഗ്യപ്രവർത്തകരോട് അന്വേഷിച്ചാൽ ഇവ ലഭിയ്ക്കും.
കോവിഡ് രോഗം നെഗറ്റീവായി എന്ന് കരുതി ഇനി അസുഖങ്ങൾ ബാധിക്കില്ല എന്ന് കരുതരുത്. കോവിഡ് രോഗത്തിനും അതിന്റെ ചികിത്സയ്ക്കും ശേഷം വലിയ മാറ്റങ്ങളാണ് ശരീരത്തിലുണ്ടായിരിയ്ക്കുന്നത്. ബ്ളാക് ഫംഗസ് മാത്രമല്ല മറ്റനേകം അണുബാധകൾക്കുള്ള സാദ്ധ്യതയും കോവിഡ് രോഗത്തിനും രോഗചികിത്സയ്ക്കും ശേഷം കൂടുതലാണ്.
എന്താണ് ബ്ളാക്ക് ഫംഗസിനുള്ള ചികിത്സ?
ബ്ളാക്ക് ഫംഗസ് രോഗം മാരകമാണ്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എക്സ് റേ, സിടി സ്കാൻ മറ്റ് പരിശോധനകൾ എന്നിവയ്ക്ക് ശേഷം രോഗ നിർണ്ണയം നടത്തിയാൽ എത്രയും പെട്ടെന്ന് പൂപ്പൽ ബാധയ്ക്കുള്ള മരുന്ന് കുത്തിവയ്ക്കണം. കണ്ണ്, മുഖത്തെ അസ്ഥികൾ, സൈനസുകൾ തുടങ്ങിയ ഭാഗങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ കൂടുതലായാൽ തലച്ചോറിനെ ബാധിക്കാതിരിക്കാൻ ചിലപ്പോൾ അടിയന്തിര ശസ്ത്രക്രീയ നടത്തേണ്ടി വരും. വീണ്ടെടുക്കാനാവാത്ത വിധം അണുബാധയേറ്റാൽ മുഖത്തെ അസ്ഥികളോ കണ്ണുകളോ ഒക്കെത്തന്നെ മുറിച്ചു മാറ്റേണ്ടിയും വരും. അതിനായി വിദഗ്ധ ചികിത്സ എത്രയും പെട്ടെന്ന് ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാന കാര്യം.
കോവിഡ് മാരകമായ ഒരു രോഗമാണ്. കോവിഡ് രോഗം വന്നുപോയാലും വലിയ ബുദ്ധിമുട്ടുകൾ രോഗികൾക്ക് ഉണ്ടാകാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതംതുടങ്ങിയ രോഗങ്ങൾക്കുള്ള അധിക സാദ്ധ്യത മുതൽ ബ്ളാക്ഫംഗസ് വരെ കോവിഡ് രോഗത്തിനു ശേഷം ഉണ്ടാകാം. മിക്ക പ്രശ്നങ്ങളും നാം തന്നെ ശ്രദ്ധിച്ചാൽ കഴിയുന്നതും നമുക്ക് പ്രതിരോധിക്കാവുന്നതാണ്. കോവിഡ് നെഗറ്റീവ് ആയാലും ആരോഗ്യം നല്ലവണ്ണം ശ്രദ്ധിയ്ക്കുക.
പ്രമാണരേഖകൾ
https://www.cdc.gov/fungal/diseases/mucormycosis/causes.html
https://www.cdc.gov/fungal/diseases/mucormycosis/causes.html
https://pubmed.ncbi.nlm.nih.gov/12161726/
https://www.healthline.com/health-news/black-fungus-is-appearing-in-people-with-covid-19-what-to-know
https://www.ncbi.nlm.nih.gov/pmc/articles/PMC7936599/
https://pubmed.ncbi.nlm.nih.gov/24005091/
https://www.icmr.gov.in/pdf/covid/techdoc/Mucormycosis_ADVISORY_FROM_ICMR_In_COVID19_time.pdf
വ്യക്തമായ പ്രമാണരേഖകളുടെ അടിസ്ഥാനത്തിൽ ആരോഗ്യപ്രവർത്തകർ തയ്യാറാക്കി ആരോഗ്യവിദഗ്ധർ പരിശോധിച്ച ലേഖനമാണിത്.എന്നാലും നിരന്തരം പുതിയ കണ്ടെത്തലുകൾ വരുന്നതുകൊണ്ട് ഇതിൽ തെറ്റുകൾ വന്നുകൂടായ്കയില്ല. രോഗങ്ങൾക്ക് സ്വയം ചികിത്സ ചെയ്യാതെ എത്രയും പെട്ടെന്ന് ആരോഗ്യസേവനം തേടുക.
Brave India News Desk
Discussion about this post