കൊല്ലം: വ്യാജവാറ്റ് സംഘത്തിന്റെ ആക്രമണത്തിൽ എസ് ഐക്ക് ഗുരുതര പരിക്ക്. തെന്മല എസ് ഐ ശാലുവിനും സംഘത്തിനും നേർക്കാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായാണ് എസ്.ഐ. ശാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഒറ്റക്കൽ പാറക്കടവിൽ വാറ്റു ചാരായം പിടികൂടാനെത്തിയ പൊലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. മൽപ്പിടിത്തത്തിനിടയിൽ വാറ്റുകാരുടെ സംഘം പോലീസിനുനേരേ മുളകുപൊടി വിതറുകയും മർദിക്കുകയുമായിരുന്നു. എസ്.ഐ.യുടെ കൈവിരൽ ഒടിയുകയും തലയ്ക്ക് അടിയേൽക്കുകയും ചെയ്തു. ദേഹത്ത് പലയിടത്തും തടിക്കഷണംകൊണ്ട് അടിയേറ്റ മുറിവുണ്ട്. വലതുകൈ ആഴത്തിൽ കടിച്ചു മുറിച്ചിട്ടുണ്ട്. ഇടതുകാലിലെ തള്ളവിരൽ കല്ലുകൊണ്ടുള്ള ഇടിയറ്റ് ചതഞ്ഞു.
ഒറ്റക്കൽ പാറക്കടവ് സ്വദേശികളായ വാസു, അനി എന്നിവരും വിഷ്ണു, വിജയൻ എന്നിവരുമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ പിടിയിലായതായി സൂചനയുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. തെന്മല സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർഗീസ്, ഗ്രേഡ് എസ്.ഐ. സിദ്ദീഖ്, അനീഷ് എന്നിവരും ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
Discussion about this post