കല്പറ്റ: സംസ്ഥാനത്ത് മരംകൊള്ളയ്ക്ക് വഴിയൊരുക്കിയ ഉത്തരവിൽ അവ്യക്തതകൾ ഉണ്ടായിരുന്നുവെന്നും, ഉത്തരവിന്റെ മറവിൽ സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾപോലും മുറിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് ഉത്തരവ് റദ്ദുചെയ്തതെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സമ്മതിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജുവിനയച്ച അർധ ഔദ്യോഗിക കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പട്ടയഭൂമികളിലെ മരങ്ങൾ, നഷ്ടപ്പെട്ട മരങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കളക്ടർമാരിൽനിന്ന് ഒരാഴ്ചയ്ക്കകം ശേഖരിച്ചു നൽകാനും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ഒക്ടോബർ 24 -ലെ ഉത്തരവിൽ പ്രശ്നമൊന്നുമില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചാണ് മരംകൊള്ള നടന്നതെന്നുമുള്ള നിലപാടിൽ മുൻ വനം, റവന്യൂ മന്ത്രിമാരും എൽ.ഡി.എഫ്. നേതാക്കളും ഉറച്ചുനിൽക്കുമ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്.
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും നിലനിർത്തിയതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്നു കാണിച്ച് 2020 മാർച്ച് 11 -ന് ഉത്തരവിറക്കിയിരുന്നു. റിസർവ് ചെയ്ത മരങ്ങളും മുറിക്കാമെന്ന ഉത്തരവിലെ പിശക് ഒഴിവാക്കിയാണ് ഒക്ടോബർ 24 -ന് ഉത്തരവിറക്കിയതെന്നും ജയതിലക് കത്തിൽ പറയുന്നു. 1964 -ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം ഭൂമി പതിച്ചുകിട്ടുമ്പോൾ വൃക്ഷവില അടച്ച് റിസർവ് ചെയ്തതും കർഷകർ വെച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതുമായ എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കു മാത്രമാണെന്നായിരുന്നു ഉത്തരവ്.
ഇതിൽ സർക്കാരിന് പിന്നീട് ബോധ്യപ്പെട്ട അവ്യക്തതകൾ ഏതാണെന്ന് കത്തിൽ വിശദമാക്കുന്നില്ല. മരംകൊള്ളയ്ക്ക് സാഹചര്യമൊരുങ്ങുമെന്ന് കളക്ടർമാരുൾപ്പെടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും 2021 ഫെബ്രുവരി രണ്ടിനാണ് ഉത്തരവ് റദ്ദുചെയ്യാൻ സർക്കാർ തയ്യാറായത്. ഇക്കാലയളവിൽ ജില്ലകളിൽ വ്യാപകമായി രാജകീയ മരങ്ങൾ ഉൾപ്പെടെ മുറിച്ചുകടത്തിയെന്ന് മാധ്യമ വാർത്തകളിലൂടെ അറിഞ്ഞു.
ഇക്കാര്യത്തിൽ വയനാട് കളക്ടർ മാത്രമാണ് റിപ്പോർട്ട് നൽകിയത്. മറ്റിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉടൻ നൽകാൻ നടപടിയെടുക്കണമെന്നാണ് നിർദേശം. വിവരശേഖരണത്തിന് വില്ലേജ് ഓഫീസുകളിൽ കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ താത്കാലിക ക്രമീകരണത്തിന് കളക്ടർമാർക്ക് നിർദേശം നൽകാനും കത്തിൽ പറയുന്നു.
Discussion about this post