ഡല്‍ഹി: കോവിഡിനെതിരെ ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന് 77.8 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതി മൂന്നാംഘട്ട പരീക്ഷണ ഫലം അംഗീകരിച്ചു. വിശദമായ പഠനങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച ചേര്‍ന്ന വി ദഗ്ധ സമിതി യോഗത്തിലാണ് ഡിസിജിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്. രാജ്യത്തുടനീളം 25,800 പേരാണ് മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത്.
വാക്സിന് സ്വീകരിച്ചവരില്‍ രോഗബാധയുണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാധ്യത 100 ശതമാനവും ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവിട്ട മൂന്നാംഘട്ട പരീക്ഷണത്തിന്റെ ആദ്യ ഇടക്കാല വിശകലനത്തില്‍ കോവാക്സിന് 81 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ഭാരത് ബയോടെക് ഡ്രഗ്സ് കണ്ട്രോളര് ജനറലിന് സമര്‍പ്പിച്ചത്. മൂന്നാംഘട്ട പരീക്ഷണ ഫലവും ഡിസിജിഐ അംഗീകരിച്ചതോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടാന്‍ ഭാരത് ബയോടെകിന് സാധിക്കും.
അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്കിയ വാക്സിനുകളില്‍ ഒന്നാണ് കോവാക്സിന്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച് പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡ്, റഷ്യന്‍ നിര്‍മിത സ്പുട്നിക് എന്നിവയാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള മറ്റ് വാക്സിനുകള്‍.
Discussion about this post