കൊച്ചി: കേരളം പൊട്ടക്കിണറ്റിലെ തവളയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. വ്യവസായ സൗഹൃദത്തിന് ഏകജാലകം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിനോ വ്യവസായ വകുപ്പിനോ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളം മാറേണ്ടതുണ്ട്. നിരവധി ആളുകൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുണ്ട്. 53 വർഷമായി കേരളത്തിൽ വ്യവസായം നടത്താൻ എടുത്ത പ്രയത്നം മറ്റ് സംസ്ഥാനങ്ങളിൽ എടുത്തിരുന്നുവെങ്കിൽ ഇതിലും വലിയ ലാഭമുണ്ടായേനെ എന്നും സാബു ജേക്കബ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി മുടങ്ങില്ല, ആവശ്യത്തിന് വെള്ളം കിട്ടും. ഗതാഗത സംവിധാനമുണ്ട്. അധിക ചെലവ് സർക്കാരുകൾ വഹിക്കും. എന്നാൽ കേരളത്തിലാണെങ്കിൽ 30 ദിവസത്തിനുള്ളിൽ 11 റെയ്ഡ് നടത്തും.
അതേസമയം മുടക്കു മുതലിന്റെ 70 ശതമാനം മുതൽ 90 ശതമാനം വരെ മറ്റ് സംസ്ഥാനങ്ങൾ ഏഴെട്ട് വർഷങ്ങൾക്കുള്ളിൽ തിരിച്ചു നൽകുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതൽ 900 കോടി വരെ തിരിച്ചു നൽകുമെന്നും കിറ്റെക്സ് എംഡി ചൂണ്ടിക്കാട്ടുന്നു.
Discussion about this post