കോഴിക്കോട് : സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും സ്ത്രീകളെ അധിക്ഷേപിച്ചുമുള്ള ഇസ്ലാമിക മത പ്രഭാഷകന്റെ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ വന്പ്രതിഷേധമുയരുന്നു. വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നുമായിരുന്നു പ്രസംഗത്തില്‍ പറയുന്നത്.
സൗമ്യ വധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതിമുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് സ്ത്രീകളെയെല്ലാം അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം.
ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു?, ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നും 27കാരനായ ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
അതേസമയം പ്രസംഗത്തിനെതിരെ വന്‍വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇങ്ങനെയുള്ള ഉസ്താദുമാരെ കാലുവാരി തറയിലടിക്കണം എന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശേരി പ്രതികരിച്ചു.
സ്വാലിഹ് ബത്തേരിയെ പോലുള്ള വിഷമുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്ന പ്രാസംഗികരെ അടിച്ച് മൂലയ്ക്കിരുത്തണം. സമൂഹത്തിലെ വലിയൊരു വിപത്താണിതെന്നും ജസ്ല പറയുന്നു. സ്ത്രീകള്‍ 9 മണിക്കോ അതോ രാത്രി 12 മണിക്കോ പുറത്തിറങ്ങണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണെന്നും പലരും വിമര്‍ശനം ഉന്നയിച്ചു.
Discussion about this post