ലഖ്നൗ: നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി 18 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ബരാബങ്കിയിൽ പുലർച്ചെയായിരുന്നു അപകടം. അയോധ്യ- ലഖ്നൗ ഹൈവേയിൽ ബരാബങ്കിയിലെ രാം സനേഹി പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം.
ബസിൽ ധാരാളം യാത്രക്കാരുണ്ടായിരുന്നു. ഇവരെല്ലാം ഹരിയാനയിലെ പൽവാളിൽ നിന്നും ബിഹാറിലേക്ക് പോകുന്നവരായിരുന്നു. ആക്സിൽ തകരാറിലായതിനെ തുടർന്ന് ബസ് രാം സനേഹി ഘട്ട് പൊലീസ് സ്റ്റേഷന് സമീപം നിർത്തുകയായിരുന്നു. ഇതിലേക്ക് വേഗതയിൽ വന്ന ഒരു ട്രക്ക് പെട്ടെന്ന് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.
ഉടൻ സംഭവ സ്ഥലത്തെത്തിയ പൊലീസ് ബസിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നവരെ രക്ഷപ്പെടുത്തി. കൊല്ലപ്പെട്ടവർ ദാർഭംഗ, സീതാമർഹി എന്നിവിടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. പരിക്കേറ്റവരെ ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post