കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ മെഡിക്കൽ കോളേജിൽ യുവാവിനോട് പൊലീസിന്റെ കൊടും ക്രൂരത. കോട്ടയം മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാരനായി എത്തിയ പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിന്റെ കാലിന് പൊലീസ് നടപടിക്കിടെ പൊട്ടലേറ്റു.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഭാര്യയുടെ ചികിത്സാർത്ഥം മെഡിക്കൽ കോളേജിൽ കൂട്ടിരുപ്പുകാരനായി കഴിയുകയായിരുന്നു അജികുമാർ. ഗൈനക്കോളജി വിഭാഗത്തിന് മുൻവശം നിൽക്കുന്നതിനിടെ പോലീസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാർ പരാതിപ്പെടുന്നത്.
മാസ്ക് വെച്ചിട്ടും വെച്ചില്ല എന്നാരോപിച്ച് പോലീസ് പിഴ അടപ്പിക്കാൻ ശ്രമം നടത്തി. ഇതേത്തുടർന്ന് പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് അതിക്രമം ഉണ്ടായത്. വാഹനത്തിലേക്ക് തള്ളി കയറിയപ്പോൾ കാൽ ഡോറിന് ഇടയിൽ വീണു പൊട്ടൽ ഏൽക്കുകയായിരുന്നു എന്ന് അജികുമാർ പറയുന്നു.
കാൽ ഡോറിന് ഇടയിൽ ഉണ്ട് എന്ന് പറഞ്ഞിട്ടും രണ്ടുതവണ വലിച്ച് അടയ്ക്കാൻ എസ് ഐ ശ്രമിച്ചതാണ് പരിക്കേൽക്കാൻ കാരണമായത് എന്ന് അജികുമാർ പറഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കണ്ട്രോൾ റൂം ഗ്രേഡ് എസ്ഐ എം.സി. രാജുവിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് വീഴ്ച വന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി. ശില്പയാണ് രാജുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് നടപടി എടുത്തത്.
അതേസമയം മാസ്ക് വെച്ചില്ല എന്ന് ആരോപിച്ച് പരാതിക്കാരനായ അജികുമാറിനെതിരെയും പോലീസ് നടപടി എടുത്തു. നേരത്തെ തന്നെ ഇക്കാര്യത്തിൽ പോലീസ് 500 രൂപ അജികുമാറിൽ പിഴയായി ഈടാക്കിയിരുന്നു.
Discussion about this post