കോഴിക്കോട്: വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഫലപ്രദമാകാത്തതിനാൽ നിപ പ്രതിരോധത്തിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നു. ജില്ലാതലത്തിൽ ഇതിനായി രൂപവത്കരിച്ച കമ്മിറ്റി ഒരു തവണപോലും യോഗം ചേർന്ന് ആസൂത്രണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
വവ്വാലിൽനിന്നാണ് വൈറസ് വ്യാപനസാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ചു പറയുമ്പോഴും രോഗമുണ്ടായ പ്രദേശത്തുനിന്ന് അവയെ ജീവനോടെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പിന്റെ സഹകരണത്തോടെയേ ഇതിനു സാധ്യമാകൂ. കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്. അവയെ പിടികൂടി പരിശോധിക്കാനും വനംവകുപ്പ് സഹകരിക്കണം. എന്നാൽ, കൃത്യമായ ഉത്തരവില്ലാതെ വവ്വാലിനെയോ കാട്ടുപന്നിയേയോ പിടികൂടാൻ കഴിയില്ലെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിലപാട്.
നിരീക്ഷണസംവിധാനം ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിൽനിന്നോ കളക്ടറിൽനിന്നോ ഉത്തരവുണ്ടായില്ലെങ്കിൽ നിരീക്ഷണ-പരിശോധനാ നടപടികൾ ഫലപ്രദമാകില്ല. നിപ മരണം നടന്ന് അടുത്ത ദിവസങ്ങളിൽതന്നെ പരിശോധനയ്ക്കുള്ള സാംപിളുകൾ ശേഖരിക്കേണ്ടതുണ്ട്. മരണം നടന്നതിന്റെ പിറ്റേന്നുതന്നെ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ടെങ്കിലും ഏകോപനം നടന്നില്ലെന്നാണ് സാംപിൾ ശേഖരണത്തിനുള്ള പ്രയാസങ്ങൾ തെളിയിക്കുന്നത്.
വവ്വാലിനെ ജീവനോടെ കിട്ടാത്ത സാഹചര്യത്തിൽ ചത്തവയെയും അവശനിലയിൽ കണ്ടവയെയുമാണ് മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥർ ശേഖരിച്ചത്. വവ്വാലുകൾ കടിച്ച അടയ്ക്കകൾ വ്യാപകമായി ഈ പ്രദേശത്ത് വീണുകിടപ്പുണ്ട്. അതൊന്നും പരിശോധിക്കാനുള്ള നിർദേശം ഇതുവരെ ഉണ്ടായിട്ടില്ല. പ്രാദേശികപ്രത്യേകതകൾ മനസ്സിലാക്കിക്കൊണ്ട് വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് വേണ്ടതെന്ന് മുതിർന്ന ഉദ്യോഗസ്ഥർതന്നെ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post