തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് രാത്രി വീട്ടിൽ കയറി പൊലീസ് അതിക്രമം. എഴുകോണ്‍ സ്വദേശിയായ കരസേനാ ഉദ്യോഗസ്ഥൻ ഉദയനും ഭാര്യ സിമിക്കുമാണ് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. എഴുകോണ്‍ സി ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രി വീട്ടില്‍ കയറിയ പൊലീസ് ദമ്പതികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതിക്രമത്തിനെതിരെ മൂന്ന് തവണ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ദമ്പതികള്‍ പറയുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് സിമിയുടെ സഹോദരനുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹൈക്കോടതി സിമിയുടേയും ഉദയന്റേയും അറസ്റ്റ് തടഞ്ഞത്. എന്നാല്‍ വീട്ടില്‍ കയറിയ പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയായിരുന്നു. ഉത്തരവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണത്രേ സി ഐ പറഞ്ഞത്. സഹോദരനുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സിമിക്കും ഉദയനുമെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇവരുടെ പരാതിയില്‍ തെളിവില്ലെന്ന കാരണം പറഞ്ഞ് കേസെടുത്തില്ല. ഇരുവരും അക്രമത്തിന് ഇരയായെന്നും മുറിവേറ്റെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിട്ടും തെളിവില്ലെന്നാണ് പൊലീസ് വിശദീകരണം.
ഈ കേസുമായി ബന്ധപ്പെട്ട് നേരെത്ത പൊലീസ് വീട്ടിലെ ജനാലച്ചില്ലുകള്‍ തല്ലിത്തകര്‍ത്തെന്നും ദമ്പതികള്‍ പറയുന്നു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ വാട്സാപ്പുവഴി റൂറല്‍ എസ്പിക്ക് അയച്ചുകൊടുത്തിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. പൊലീസ് അതിക്രമത്തിന്റെ വീഡിയോ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post