ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി വേള്‍ഡ് ട്രേഡ് സെന്ററില്‍ ദീപാവലി കാഴ്ചകള്‍ നിറഞ്ഞു. ദീപാവലി ആനിമേഷനുകളും വെടിക്കെട്ടും ഒരുക്കി ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് പുതിയൊരു അനുഭവമായി ചൊവ്വാഴ്ച ആരംഭിച്ച ആഘോഷം വ്യാഴാഴ്ച രാത്രി വരെയാണ് നീണ്ടു നിന്നത്. ന്യൂ ജഴ്സിയിലെ സൗത്ത് ഏഷ്യന്‍ എന്‍ഗേജ്മെന്റ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം സംഘാടകനായ മാര്‍ക്ക് ഡൊമിനോ പങ്കുവച്ചു. കൂട്ടത്തില്‍ ഗായിക മേരി ബില്‍ബെന്‍ അമേരിക്കന്‍ ദേശീയഗാനത്തിനൊപ്പം ‘ഓം ജയ് ജഗ്ദീശ് ഹര’ എന്ന ഇന്ത്യന്‍ ഗാനം പാടിയത് കൗതുകമായി. ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ദീപാവലി ആശംസയുമുണ്ടായിരുന്നു. ഭാര്യയ്ക്കൊപ്പം ദീപങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. യു.എന്‍ സെക്രട്ടറി ജനറല്‍ അറ്റോണിയോ ഗുട്ടറെസും ദീപാവലി ആശംസ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
Discussion about this post