ആലപ്പുഴ: ആലപ്പുഴയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ തോണ്ടന്‍കുളങ്ങര ക്ഷേത്രത്തിനു സമീപം കിയാംപറമ്പ് അനില്‍കുമാറിന്റെ മകന് അരുണ്‍കുമാര്‍ (ലേഖ കണ്ണന് -26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് ചാത്തനാട് ശ്മശാനത്തിനുസമീപം കിളിയന്‍പറമ്പിലാണ് സംഭവം.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെയാണ് ആക്രമണമെന്ന് പറയപ്പെടുന്നു. പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണന്റെ മുതുകിലാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ഇത് ബോംബാണെന്നും സൂചനയുണ്ട്. സമീപത്തായി കത്തിയും കണ്ണന് സഞ്ചരിച്ചെന്ന് കരുതുന്ന കെ.എല്‍. 33 കെ. 9868 ബൈക്കും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം ചാത്തനാട് മേഖലയില്‍ ഗുണ്ടസംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പകതീര്‍ക്കാന്‍ നിരവധി കേസുകളില്‍ പ്രതികൂടിയായ അരുണ്‍കുമാറും സംഘവും രാഹുല്‍ എന്നയാളെത്തേടി സ്ഥലത്തെത്തി ഭീതിപരത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
രാവിലെ പ്രദേശത്ത് അരുണ്‍കുമാര്‍ ഉള്‍പ്പെടെയുള്ള സംഘം വടിവാളുമായി നടക്കുന്നുവെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ഗുണ്ടസംഘം വീട്ടിലിരുന്ന് മദ്യപിക്കുന്ന വിവരം നാട്ടുകാരാണ് നോര്‍ത്ത് പൊലീസില്‍ അറിയിച്ചത്. പിന്നീട് പൊലീസ് ഈ ഭാഗങ്ങളില്‍ പട്രോളിങ് നടത്തിയെങ്കിലും ഇവരെ കിട്ടിയില്ല. രാത്രിയോടെയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചെന്ന വിവരം അറിഞ്ഞത്. കണ്ണന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post