ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈറസ് എത്തിയാൽ അത് നേരിടാൻ മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാൽ കൂടുതൽ ശക്തമായ പ്രതിരോധം വേണമെന്നും വീണ ജോർജ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
26 ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരിൽ നിരീക്ഷണം കർശനമാക്കും. മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് ഹോം ക്വാറൻറീനിൽ തുടരാമെങ്കിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കേരളത്തിൽ ആശുപത്രി കേസുകൾ കൂടി വന്നേക്കുമെന്ന കാര്യം ഇപ്പോഴേ മുൻകൂട്ടി കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ക്വാറൻറീൻ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്തനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ച സ്ഥിതിക്ക് ഇനി വാക്സിനെടുക്കാൻ ബാക്കിയുള്ളവരെല്ലാം ഉടനടി വാക്സീൻ സ്വീകരിക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഒമിക്രോൺ വ്യാപനശേഷി ഡെൽറ്റ വകഭേദത്തേക്കാൾ അഞ്ചിരട്ടിയാണ്. വാക്സീൻ എടുത്തവരിൽ തീവ്രത കുറവാണ്, എല്ലാവരും രണ്ടാംഡോസ് എടുക്കണം. കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് മുന്നോട്ടുപോകുന്നെന്ന് വീണാ ജോർജ് കൂട്ടിചേർത്തു.
Discussion about this post