കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച് വാഹനങ്ങൾ കത്തിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളികളായ മുഖ്യപ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘർഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത് എങ്ങനെയാണെന്നന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ കിഴക്കമ്പലത്ത് പൊലീസിനെതിരെ നടന്നത് പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നുമാണ് എഡിജിപി വിജയ് സാഖറെ പറയുന്നത്.
അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്, എസ്.ഐ. സാജന്, വിവിധ സ്റ്റേഷനിലെ പൊലീസുകാരായ രാജേന്ദ്രന്, ശിവദാസ്, അനൂപ്, സുബൈര്‍, ഇസ്മാഈല്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസിന്റെ അഞ്ച് വാഹനങ്ങളാണ് അക്രമികൾ തകർത്തത്. ഒരു വാഹനം പൂര്‍ണമായും തല്ലി പൊളിക്കുകയും മൂന്ന് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
Discussion about this post