ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഉടന്‍ ഇന്ത്യയ്ക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സേന ചൈനീസ് സേനയുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായുള്ള തിയതിയും മറ്റ് വിവരങ്ങളും ഉടന്‍ അറിയിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കാലാവസ്ഥ മോശമായതിനാലാണ് കൈമാറ്റം വൈകുന്നതെന്നാണ് ചൈനീസ് പട്ടാളത്തിന്റെ വിശദീകരണം.
അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ കണ്ടെത്തിയ വിവരം ചൈന കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേനയെ അറിയിച്ചിരുന്നു. ജനുവരി 18 മുതലാണ് മിറാം തരോണിനെ കാണാതായത്. വനത്തില്‍ വേട്ടയ്ക്ക് പോയ മിറാമിനെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്. എന്നാല്‍ യുവാവിനെ വനത്തിനുള്ളില്‍ കാണാതായതാണെന്ന് പിന്നീട് വ്യക്തമായി.
യുവാവിനെ കണ്ടെത്താന്‍ ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷം കഴിഞ്ഞ ദിവസമാണ് യുവാവിനെ കണ്ടെത്തിയെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥലത്തുവെച്ച് മിറാമിനെ ചൈന ഇന്ത്യയ്ക്ക് കൈമാറും.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയായ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നാണ് മിരം തരോണ്‍ എന്ന പതിനേഴുകാരനെ കാണാതായത്. കുട്ടിക്കൊപ്പം ജോണി യായിങ്ങ് എന്നയാളെയും കാണാതായിരുന്നു. വനമേഖലയില്‍ വേട്ടക്ക് പോയതായിരുന്നു ഇരുവരും. കാണാതായവരില്‍ ജോണി യായിങ് പിന്നീട് തിരികെ എത്തിയിരുന്നു.
Discussion about this post