തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം കടുപ്പിച്ച് ബിജെപി. സമരത്തിന്റെ ഭാഗമായി ബിജെപി പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കയറി കല്ലിട്ടു. ആറ് ബിജെപി പ്രവർത്തകരാണ് കനത്ത സുരക്ഷയെ മറികടന്ന് ക്ലിഫ് ഹൗസ് വളപ്പിനുള്ളിൽ കടന്ന് പ്രതീകാത്മകമായി കല്ലിട്ടത്.
നേരത്തെ മുരിക്കുംപുഴയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുമായി ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയിരുന്നു. പിഴുതെടുത്ത കല്ല് വിവി രാജേഷിന്റെ നേതൃത്വത്തിലാണ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തലസ്ഥാനത്തെത്തിച്ചത്. മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരിൽ ചിലർ ക്ലിഫ് വളപ്പിൽ കടന്ന് കല്ലിട്ടത്.
കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ്ലിൻ കേസിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post