കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ 12 പേരുടെ മരണത്തിനിടയാക്കിയ കലാപം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകൾ കണ്ടെടുത്തു. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ തെളിവെടുപ്പ് തുടരുകയാണ്. ഇതിനിടെ ബംഗാളിൽ ക്രമസമാധാനം തകർന്നുവെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ മമത സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
തൃണമൂൽ കോൺഗ്രസ് നേതാവിനെ തൃണമൂൽ പ്രവർത്തകർ തന്നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടന്ന കലാപത്തിൽ 11 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 6 പേർ സ്ത്രീകളും 2 പേർ കുട്ടികളുമാണ്. ഇവരെ വീടുകൾക്കുള്ളിൽ പൂട്ടിയിട്ട് നാലുപാട് നിന്നും തീ കൊളുത്തുകയായിരുന്നു. ഇവിടെയും തൃണമൂൽ പ്രവർത്തകർ തന്നെയായിരുന്നു പ്രതികൾ.
രാഷ്ട്രീയ കൊലപാതകങ്ങൾ നിത്യസംഭവമായ ബംഗാളിൽ ക്രമസമാധാനം ഇല്ലാതായതായി ബിജെപിയും കോൺഗ്രസും ആരോപിച്ചു. മമത സർക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വിവരിച്ച് ബിജെപി എം പിമാർ പ്രധാനമന്ത്രിയെ കണ്ടു.
Discussion about this post