ഇസ്ലാമാബാദ്: മുന്‍ ക്രിക്കറ്റ് താരം റമീസ് രാജയെ സര്‍ക്കാര്‍, പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കി. സര്‍ക്കാര്‍ രൂപം നല്കിയ നജാം സേതിയുടെ നേതൃത്വത്തിലുള്ള 14-അംഗ കമ്മിറ്റി ആയിരിക്കും അടുത്ത നാലുമാസത്തേക്ക് പിസിബി കാര്യങ്ങളില്‍ തീരുമാനമെടുക്കുക. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പാക് ടീം കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് റമീസ് രാജയെ പിസിബി ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കുകയാണെന്ന് സര്‍ക്കാര്‍ ബുധനാഴ്ച വൈകിട്ട് അറിയിച്ചത്.
പാക്കിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പുറപ്പെടുവിച്ച ഉത്തരവ് കാബിനറ്റ് അംഗീകരിക്കുക കൂടി ചെയ്താല്‍ റമീസ് രാജ ഔദ്യോഗികമായി പിസിബിയില്‍ നിന്ന് പുറത്താകും. പിസിബിയുടെ പുതിയ ചെയര്‍മാനായി സേതിയെ നിയമിക്കാന്‍ ബോര്‍ഡിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ പ്രധാനമന്ത്രി പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് പുതിയ ഉത്തരവ്. 2013-2018 കാലയളവില്‍ പിസിബിയുടെ സിഇഒയും ചെയര്‍മാനുമായിരുന്ന സേതി 2018ല്‍ ഇമ്രാന് ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ പദവികള്‍ രാജി വെക്കുകയായിരുന്നു.
15 മാസം പിസിബി ചെയര്മാന് സ്ഥാനത്ത് ഇരുന്നതിന് ശേഷമാണ് രാജ പുറത്തുപോകുന്നത്. 2021 സെപ്റ്റംബറില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് ആണ് രാജയെ പിസിബി തലപ്പത്തേക്ക് കൊണ്ടുവന്നത്.
Discussion about this post