കാസർകോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തി ഡിഎംഒ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഈ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി.
സംഭവത്തിൽ അന്വേഷണം നടത്തി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ഡിഎംഒയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് തയ്യാറാക്കിയത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിൽ മാത്രമേ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
തലക്ലായിൽ സ്വദേശിനി അഞ്ജുശ്രീ പാർവ്വതിയാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെ അവസാനത്തെ ഇരയായത്. കഴിഞ്ഞ 31 ന് പ്രദേശത്തെ ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ച പെൺകുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ജുശ്രീ രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ ഹോട്ടൽ ഉടമയുൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Discussion about this post