കോഴിക്കോട്: കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് പുറത്തേക്ക് പോകുന്നത് 45 വണ്ടി പോലീസ് അകമ്പടിയോടെയാണെന്നും, ഇയാളെ ആര് എന്ത് ചെയ്യാനാണെന്നുമുള്ള പരിഹാസവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്ക് പോകുന്നത് 45 വണ്ടിയുമായിട്ടാണ്. ക്ലിഫ് ഹൗസിന് ചുറ്റും 12 സ്ഥലത്ത് പോലീസുകാരെ ടെന്റ് കെട്ടി പാർപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഇതെല്ലാം എന്നാണ് പറയുന്നത്. ഇയാളെ ആര് എന്ത് ചെയ്യാനാണ്” എന്നും ചെന്നിത്തല പരിഹസിച്ചു.
” പണ്ട് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഒരു കാറപകടത്തിൽ പെട്ട് നട്ടെല്ലിന് പരിക്ക് പറ്റി. ആരോഗ്യം വീണ്ടെടുക്കാൻ നീന്തുന്നത് നല്ലതാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. അന്ന് ക്ലിഫ് ഹൗസിലുണ്ടാക്കിയ നീന്തൽ കുളത്തെ കുറിച്ച് പിൽക്കാലത്ത് മുഖ്യമന്ത്രിയായെത്തിയ നായനാർ പറഞ്ഞത്, അതിൽ താൻ കുളിക്കില്ലെന്നും തന്റെ വളർത്തുനായയാകും കുളിക്കുകയെന്നുമാണ്. ഇപ്പോഴവിടെ കുളിക്കുന്നത് പിണറായി വിജയനാണ്.
സിപിഎമ്മിന് പാല് കുടിക്കാൻ ക്ലിഫ് ഹൗസിൽ തൊഴുത്തുണ്ടാക്കാൻ പണം അനുവദിച്ചു. കേരളം കണികണ്ടുണരുന്ന മിൽമപ്പാൽ കുടിച്ചാണ് മറ്റെല്ലാവരും ജീവിക്കുന്നത്. മുഖ്യമന്ത്രിയുടെ പശു പാൽ തരാൻ തൊഴുത്തിൽ എ.ആർ.റഹ്മാന്റെ സംഗീതം കേൾപ്പിക്കാനായി 45 ലക്ഷമാണ് അനുവദിച്ചത്. ഇങ്ങനെയൊക്കെ ധൂർത്തടിക്കുന്ന സർക്കാരാണ് ഖജനാവിൽ പണമില്ലെന്ന് പറഞ്ഞ് പെൻഷൻകാരുടേയും ജീവനക്കാരുടേയും ആനുകൂല്യങ്ങൾ മരവിപ്പിച്ചുവച്ചതെന്നും” രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post