ന്യൂഡൽഹി: നടി രവീണ ടാൻഡൻ, നാട്ടു നാട്ടു’ ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ സംഗീത സംവിധായകൻ എം എം കീരവാണി എന്നിവർക്ക് കലാരംഗത്തെ മികവിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു. തബല മാന്ത്രികൻ സക്കീർ ഹുസൈന് പദ്മ വിഭൂഷൺ ലഭിച്ചു. ഗായികമാരായ വാണി ജയറാം, സുമൻ കല്യാൺപുർ എന്നിവർക്കും പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.
രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇവർക്ക് പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകുക.
പുരസ്കാരങ്ങൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജേതാക്കളെ അഭിനന്ദിച്ചു. രാജ്യത്തിന് വേണ്ടി സമ്പന്നവും വൈവിധ്യപൂർവവുമായ സംഭാവനകൾ നൽകിയവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്ക് അവർ നൽകിയ സംഭാവനകളെയും ആദരിക്കുന്നു. എല്ലാ പദ്മ പുരസ്കാര ജേതാക്കളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ സിനിമക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് നടി രവീണ ടാൻഡന് പദ്മശ്രീ നൽകുന്നത്. നിരവധി ചിത്രങ്ങളിൽ നായികാ വേഷങ്ങൾ ചെയ്തിട്ടുള്ള രവീണ, ബോളിവുഡിന്റെ സുവർണ്ണ കാലഘട്ടത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്ന താരമാണ്.
സംഗീത മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ് എം എം കീരവാണിയെ നേട്ടത്തിന് അർഹനാക്കിയത്. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ നാട്ടു നാട്ടു എന്ന ഗാനം അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് ഓസ്കാർ നാമനിർദേശം ലഭിച്ചിട്ടുണ്ട്. നേരത്തേ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഈ ഗാനത്തിന് ലഭിച്ചിരുന്നു.
കലാരംഗത്തെ മികച്ച സംഭാവനകൾക്കാണ് തബല മാന്ത്രികൻ സാക്കിർ ഹുസൈന് പദ്മവിഭൂഷൺ സമ്മാനിക്കുന്നത്. 1988ൽ പദ്മശ്രീയും 2002ൽ പദ്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികയാണ് വാണി ജയറാം. പദ്മഭൂഷൺ പുരസ്കാരമാണ് വാണി ജയറാമിന് ലഭിച്ചിരിക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാഠി, ഒഡിയ, ഗുജറാത്തി, ഹര്യാന്വി, അസമീസ്, തുളു, ബംഗാളി തുടങ്ങിയ ഭാഷകളിൽ അവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
നാല് മലയാളികൾ ഉൾപ്പെടെ 106 പേർക്കാണ് റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചരിത്രകാരൻ ഡോ. സി. ഐ. ഐസക്, ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, കളരി ആശാൻ എസ് ആർ ഡി. പ്രസാദ്, നെൽവിത്ത് കർഷകൻ ചെറുവയൽ രാമൻ എന്നിവർക്കാണ് കേരളത്തിൽ നിന്നും പദ്മശ്രീ ലഭിച്ചത്.
അന്തരിച്ച് സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ഒ ആർ എസ് കണ്ടുപിടിച്ച അന്തരിച്ച ഡോക്ടർ ദിലീപ് മഹലാനോബിസ് എന്നിവർക്ക് പദ്മ വിഭൂഷൺ പ്രഖ്യാപിച്ചു. 6 പേർക്ക് പദ്മ വിഭൂഷണും 9 പേർക്ക് പദ്മഭൂഷണും 91 പേർക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരസ്കാര ജേതാക്കളിൽ 11 പേർ സ്ത്രീകളാണ്. 2 വിദേശികൾക്കും 7 പേർക്ക് മരണാനന്തര ബഹുമതിയായുമാണ് അവാർഡുകൾ നൽകുക.
Discussion about this post