കെവിഎസ് ഹരിദാസ്
ഈ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ദല്‍ഹിയില്‍ ഒരു പെട്ടി ഉണ്ടാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിക്കണം. ആര്‍ക്കും അതൊക്കെ നിക്ഷേപിക്കാവുന്ന ഒരു വലിയ പെട്ടി. ഒരു തപാല്‍ പെട്ടിയുടെ സ്വഭാവം അതിനുണ്ടായാല്‍ മതി. അതല്ലാതെ ഒരു സര്‍ക്കാര്‍ ഓഫീസും അതൊന്നും തിരികെ വാങ്ങരുത് എന്ന നിര്‍ദ്ദേശവും പോകണം. മാത്രമല്ല, എന്തും തിരികെ നല്കേണ്ടവര്ക്ക് അത് അവിടെ നിക്ഷേപിക്കാം എന്നൊരു പത്രക്കുറിപ്പും സര്‍ക്കാര്‍ പുറത്തിറക്കണം.
രാഷ്ട്രീയം സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ടിതമാവണം എന്നാണ് പൊതുവെ പറയാറുള്ളത്. അതുപോലെ തന്നെയാണ് പത്രപ്രവര്‍ത്തനവും. എന്നാലിപ്പോള്‍ രണ്ടിടത്തും അതുരണ്ടും ഇല്ലാത്ത അവസ്ഥയായി. രാഷ്ട്രീയമെന്നത് ഏതു വൃത്തികേടും ചെയ്യാനുള്ള വേദിയായി അധ: പതിച്ചിരിക്കുന്നു. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാം എന്നതായിരിക്കുന്നു സ്ഥിതി. അതിനേക്കാള്‍ മോശമായാലോ ചിലരുടെയെങ്കിലും മാധ്യമപ്രവര്‍ത്തനം.രാഷ്ട്രീയത്തിലമര്ന്നുകിടന്ന് എന്തും ചെയ്യാനുള്ള ലൈസന്‍സ് ചിലപ്പോഴെങ്കിലും ചില മാധ്യമപ്രവര്‍ത്തകര്‍ സ്വന്തമാക്കുന്നു, അവരതു അങ്ങിനെയൊക്കെ പ്രയോഗിക്കുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ നടന്ന ദാദ്രി, സുംപേധ് സംഭവങ്ങളും അതില്‍ നമ്മുടെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും സ്വീകരിച്ച നിലപാടും.
ഉത്തര്‍ പ്രദേശിലെ ഗ്രാമമാണ് ദാദ്രി; ഹരിയാനയിലെ ഗ്രാമമാണ് സുംപേധ്.സുംപേധ് വാര്‍ത്തയില്‍ നിറഞ്ഞത് പട്ടികജാതി വിഭാഗക്കാരായ രണ്ടു കുട്ടികള്‍ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. ദാദ്രിയില്‍ നടന്നത് ഒരു മുസല്‍മാന്റെ കൊലപാതകമാണ്. പശുക്കിടാവിനെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട സംഭവം. അത് രണ്ടും നമ്മുടെ മാധ്യമങ്ങള്‍ വേണ്ടതിലധികം ആഘോഷിച്ചു. ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അതിനു വേണ്ടതിലധികം പ്രാധാന്യം നല്‍കാനുള്ള ബാധ്യത ഇന്നാട്ടിലെ ബിജെപി മോഡി വിരുദ്ധ മാധ്യമങ്ങള്‍ക്കുണ്ടല്ലോ. അവരതു ചെയ്തു. അതും പോരാഞ്ഞിട്ടാണ് ചിലരെല്ലാം പുരസ്കാരങ്ങള്‍ മടക്കിനല്കാന് തീരുമാനിച്ചത്. എന്നാല്‍ എത്രപേര്‍ അത് മടക്കി നല്കി എന്നത് രസകരമാണ്. ചിലര്‍ കത്തയച്ചുവത്രേ; പണമോ പുരസ്കാരമോ നല്‍കിയില്ല. നമ്മുടെ സച്ചിദാനന്ദന്മാരും സാറാ ജോസഫുമാരുമൊക്കെ എന്താണ് ചെയ്തത് എന്നത് അറിയാനിരിക്കുന്നതേയുള്ളൂ.അതും പോരാഞ്ഞു അവരെല്ലാം കൂടി വേറെയും ചിലരെയൊക്കെ സംഘടിപ്പിച്ചു; ചിലര്‍ സിനിമാ പുരസ്കാരങ്ങള്‍ മടക്കി നല്കുന്നു. മറ്റുചിലര്‍ ശാസ്ത്രജ്ഞന്മാര് ആണത്രേ;അവരും തിരികെ വരുന്നു മടക്കിനല്കാനുള്ള പുരസ്കാരവുമായി. അതിനു പിന്നിലും ഒരു കാരണമുണ്ട്. ദല്‍ഹിയില്‍ ഇന്‍ഡോ ആഫ്രിക്ക ഉച്ചകോടി നടക്കുകയാണ്. ആ വേളയില്‍ ഇന്ത്യയുടെ സല്പ്പെരിനു കളങ്കം ചാര്‍ത്തണം. വിദേശ രാഷ്ട്രത്തലവന്മാര് ദല്‍ഹിയിലുള്ളപ്പോള്‍ നരേന്ദ്ര മോഡിയെയും ഇന്ത്യയെയും അധിക്ഷേപിച്ചു വാര്‍ത്തകള്‍ വരുന്നത് ഗുണം ചെയ്യുമെന്ന ചിന്ത കോണ്‍ഗ്രസ് സിപിഎം കേന്ദ്രങ്ങളില്‍ ഉയര്‍ന്നത് മനപ്പൂര്‍വമാണ് എന്നത് പറയേണ്ടതില്ലല്ലോ. ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ എത്രമാത്രം അധ:പ്പതിച്ചു എന്നതിന് വേറെ തെളിവെന്തിന് ?.
ഇന്ത്യയുമായി രക്തബന്ധം പോലുമില്ലാത്തവര്‍ ഇവിടത്തെ മുന്‍നിര രാഷ്ട്രീയം കയ്യാളുമ്പോള്‍ അതിലേറെ പ്രതീക്ഷിച്ചതാണ് തെറ്റ്.ഇവിടെ രണ്ടു സംഭവങ്ങള്‍ ഉണ്ടല്ലോ. ഒന്ന് ദാദ്രി, രണ്ടാമത്തേത് സുംപേധ്. അതുരണ്ടും സംബന്ധിച്ച വസ്തുതകള്‍ പലവട്ടം വിശദമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. എന്നാല്‍ അതല്ലാത്ത ഒന്ന് ഇന്നിപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഹരിയാനയിലെ സുംപേധ് സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ആണത്. കേസന്വേഷിക്കുന്നത് സിബിഐ ആണെന്നത് ഓര്‍ക്കുക. അവിടെ രണ്ടു കുട്ടികളാണ് മരിച്ചത് എന്നതോര്‍ക്കുക. എന്നാല്‍ ആ കുട്ടികളുടെ പിതാവിന് കാര്യമായ പൊള്ളലേറ്റിരുന്നില്ല; അയാളുടെ കൈപ്പത്തിയില്‍ മാത്രം ചെറിയ പൊള്ളല്‍. അതേസമയം അമ്മ, രാഖി, 30 ശതമാനം പൊള്ളലോടെ ദല്‍ഹിയിലെ ആശുപത്രിയിലാണ്. സാധാരണ നിലക്ക് രണ്ടു കുട്ടികള്‍ പൊള്ളലേറ്റ് മരിച്ചവേളയില്‍ അച്ഛന് ചില്ലറ പരിക്കുമതിയോ ?. അന്വേഷണത്തിന്റെ ഗതിയില്‍ ഈ പ്രശ്നവും ഉയര്‍ന്നുവന്നു. അവിടെയാണ് ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാവുന്നത്. ആ റിപ്പോര്‍ട്ട് പറയുന്നത് തീ ഉടലെടുത്തത് വീടിനു പുറത്തല്ല, മറിച്ച് അകത്തുനിന്നാണ് എന്നാണ്. ഇത് ജനങ്ങള്‍ അറിയാത്തതല്ല,എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് അത് കണ്ണില്്പെട്ടില്ല.
അവിടെ നാമൊക്കെ കേട്ടത് പട്ടികജാതിയില്‍ പെട്ട ഒരു കുടുംബത്തെ രജ്പുട്ട് വിഭാഗത്തില്‍ പെട്ടവര്‍ ആക്രമിച്ചുവെന്നും രണ്ടു കുട്ടികളെ അഗ്നിക്കിരയാക്കി എന്നുമാണ്. ആ വിധത്തില്‍ ഒരു ജാതീയ പ്രശ്നമായി അതിനെ വളര്‍ത്താന്‍ ആസൂത്രിത നീക്കം നടന്നിരുന്നു. എന്നാല്‍ അതൊന്നുമല്ല കാരണം എന്നുവരെ കാര്യങ്ങള്‍ എത്തിച്ചേരുമോ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നല്ലേ
കരുതേണ്ടത്?. സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ വസ്തുതകള്‍ താമസിയാതെ വെളിച്ചം കാണുമെന്നു കരുതാം. ഇതിനിടയില്‍ ആപത് ഘട്ടം തരണം ചെയ്ത കുട്ടികളുടെ
അമ്മയില്‍ നിന്നും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മൊഴിയെടുത്തിട്ടുണ്ട് എന്നതും പ്രധാനമാണ്.
ദാദ്രി സംഭവം റിപ്പോര്‍ട്ട് ചെയ്തവര്‍ മറന്നുപോയ ഒരു കാര്യമുണ്ട്. രാഹുല്‍ യാദവ് എന്ന പശുക്കിടാവിന്റെ ഉടമയും മുഹമ്മദ് അഖലാഖും തമ്മില്‍ നടന്ന സംഘര്‍ഷം. അതും പശുക്കിടാവിന്റെ മോഷണം സംബന്ധിച്ചായിരുന്നു. അതിനിടയില്‍ അഖലാഖിന്റെ പുത്രന് ഡാനിഷ് രാഹുലിനെ വെടിവെച്ചിരുന്നു; രാഹുല്‍ ഇപ്പോഴും അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. നമ്മുടെ മാധ്യമങ്ങള്‍ ഒരിക്കല്‍ പോലും അക്കാര്യം ചൂണ്ടിക്കാണിച്ചില്ല. ആരുടെ ധര്‍മ്മമാണ് ഈ പത്രപ്രവര്‍ത്തകര്‍ പാലിച്ചത്?. ആര്‍ക്കുവേണ്ടിയും എന്തുവൃത്തികേടും ചെയ്യാന്‍ തങ്ങള്‍ക്കു വിഷമമില്ല എന്നാണോ അവരെല്ലാം ഇതിലൂടെ ഇന്ത്യക്ക് കാണിച്ചുതന്നത്?. ഇതൊക്കെ ഇനിയും ഇന്ത്യയില്‍ പ്രതീക്ഷിക്കാം. ബിജെപി വിരോധത്തിന്റെ പേരില്‍ എന്തും ചെയ്യാനും എഴുതാനും മടിയില്ലാത്തവരോട് സഹതപിക്കുക മാത്രമാണ് ജനങ്ങള്‍ക്ക് ചെയ്യാനാവുക.
ഇത്തരം കുപ്രചരണങ്ങള്‍ കുറച്ചുദിവസം കൂടി നടക്കും. ഒരുപക്ഷെ ഇനിയും ചില ദാദ്രികള്‍ ഉണ്ടായേക്കാം. അതൊക്കെ കരുതിയിരിക്കണം. ഇവിടെ കേന്ദ്രവും ചുരുങ്ങിയത് ബിജെപിയുടെ കീഴിലുള്ള സംസ്ഥാനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മുന്‍പ് ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടന്ന ‘ക്രൈസ്തവ ദേവാലയ ആക്രമണങ്ങള്‍’ ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരാഴ്ചയില്‍ ഒന്നെന്നവണമാണ് അന്ന് പള്ളികളും മറ്റും ആക്രമിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം അത്തരമൊരു സംഭവം പോലും ദല്‍ഹിയില്‍ ഉണ്ടായില്ലല്ലോ. അന്നും ഇന്നും ദല്‍ഹിയിലെ പോലീസ് കേന്ദ്രത്തിനു കീഴിലാണ്.എന്താണിങ്ങനെ സംഭവിച്ചത്?. അതൊരു ആസൂത്രിത പദ്ധതിയായിരുന്നു എന്നതല്ലേ കരുതേണ്ടത്?. ഇപ്പോള്‍ ദാദ്രിയില്‍ പിടിയിലായവരില്‍ പ്രമുഖനായ ഒരു ആം ആദ്മി പാര്‍ട്ടി നേതാവുമുണ്ട് എന്നത് നാം കണ്ടു. ദല്‍ഹിയിലും അതെ കൂട്ടര് തന്നെയാണോ പള്ളികളെ കേന്ദ്രീകരിച്ചത്?. സ്വാഭാവികമായും ദല്‍ഹി പോലീസിനു അന്വേഷിക്കാവുന്നതെയുള്ളൂ. എന്നാല്‍ അതൊന്നും നടക്കുന്നില്ല. ഇത്തരത്തില്‍ സമാജത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം എന്നത് കേന്ദ്ര ആഭ്യന്തര വകുപ്പും ദല്‍ഹി പോലീസും മനസിലാക്കും എന്ന് കരുതാം.
ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ചിലരെല്ലാം പുരസ്കാരങ്ങള്‍ മടക്കി നല്കാന് ഇറങ്ങിപ്പുറപ്പെട്ടത്. അര്‍ഹതപ്പെടാത്തത് കിട്ടിയവര്‍ അത് മടക്കി നല്‍കുന്നത് നല്ലതാണ്, രാജ്യത്തിന് അത് ഗുണമേ ചെയ്യൂ. പലരും പലതും മടക്കി നല്‍കുന്നത് വിവാദത്തിനു വേണ്ടിമാത്രമാണ്. ഒരു തവണ കൂടി വാര്‍ത്തയില്‍ ഇടംപിടിക്കാം എന്നതാണ് അവരുടെയൊക്കെ ചിന്ത. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന്
രാജിവെച്ച കെ സച്ചിദാനന്ദന് ദല്‍ഹിയില്‍ തന്നെ ഇതേ സര്‍ക്കാരിനുകീഴില്‍ മറ്റൊരു താവളം സംഘടിപ്പിച്ചു എന്നത് അടുത്തിടെ നാം കേട്ടു. വാര്‍ത്ത ശരിയാണെങ്കില്‍ എന്തൊരു അപമാനമാണത്. അക്കാദമിയിലെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്ക്കെയാണത്രേ അദ്ദേഹം ‘ധീരമായി’ രാജി പ്രഖ്യാപിച്ചത്. അതിനുശേഷവും അത്തരമോരാള്ക്ക് മറ്റൊരു കസേര ഒരുക്കിക്കൊടുത്തത് എന്തിനെന്നു മനസിലാക്കാന്‍ കഴിയുന്നില്ല. അവരെയെല്ലാം തീറ്റിപ്പോറ്റി സര്‍ക്കാരിന് തലവേദന ഉണ്ടാക്കണോ എന്നത് ബിജെപിയും കേന്ദ്ര ഭരണകൂടവും ചിന്തിക്കുമെന്ന് ആശിക്കാം.
പിന്നെ ആനന്ദ് പടവര്ധനെപ്പോലുള്ളവര്. അവര്‍ക്കൊപ്പമുള്ളത് അറിയപ്പെടുന്ന ഇടതുപക്ഷ സഹയാത്രികരാണ്. ഡോ. കെ എന്‍ പണിക്കര്‍, റോമിള ധാപ്പര്‍, ഇര്ഫാന് ഹബീബ് തുടങ്ങിയവര്‍. അവരൊക്കെ അങ്ങിനെയൊക്കെ ചെയ്തില്ലെങ്കിലെ അതിശയമുള്ളൂ. ഇക്കൂട്ടരെല്ലാം കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം പിന്തുണച്ചാലുമൊക്കെ എന്തെങ്കിലുമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നവരാണ്. കോണ്‍ഗ്രസും അവരെയൊക്കെ കുറെയേറെ സഹായിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് സിപിഎം അച്ചുതണ്ടാണ് ബിജെപിക്കെതിരെ യുദ്ധം നയിക്കുന്നത് എന്നതിനാല്‍ അവരെല്ലാം അതെല്ലാം ചെയ്യാന്‍ ബാധ്യസ്ഥരാണ്. അത് അവരുടെ തൊഴിലാണ്. അതിലേറെ ഒരു പ്രസക്തിയും പ്രാധാന്യവും അതിനില്ല. എനിക്ക് രസകരമായി തോന്നിയത് ആനന്ദ് പടവര്ധന്റെ പ്രസ്താവനയാണ്. തന്നെ വധിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തി എന്നതാണത്. അതാണത്രേ പുരസ്കാരം തിരികെ നല്‍കുന്നത്. ഒരാള്‍ വിളിച്ചു ടെലിഫോണിലോ എന്തെങ്കിലും പറഞ്ഞാല്‍ ഞെട്ടിത്തരിച്ചു ഓടി ഒളിക്കുന്നവരാണ് അവരെല്ലാം എന്നല്ലേ അതില്‍നിന്നൊക്കെ മനസിലാക്കേണ്ടത്?. നട്ടെല്ലില്ലാത്തവരാണ് തങ്ങളെന്ന് സ്വയം വിളിച്ചുകൂവുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇന്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും അധിക്ഷേപിക്കാന്‍ മടിക്കാത്തവര്‍ കുറച്ചെങ്കിലും ജനങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലേ?.
അതെന്തുമാവട്ടെ. പലരും പുരസ്കാരങ്ങള്‍ തിരികെ നല്കാന് നാളെകളിലും മുന്നോട്ടുവന്നേക്കാം. അതിനുതക്ക അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ രാജ്യമെമ്പാടും നടക്കുന്നുണ്ട്. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമൊക്കെ വെച്ച് നീട്ടിക്കൊടുത്ത അവാര്‍ഡുകള്‍ പാര്‍ട്ടി പറയുമ്പോള്‍ തിരികെ നല്‍കണം എന്നത് പലരെസംബന്ധിച്ചിടത്തോളവും ശരിയായിരിക്കാം. അത്തരത്തില്‍ അവാര്‍ഡുകള്‍ സംഘടിപ്പിച്ചവര്‍ക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക?.
ഈ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങാന്‍ ദല്‍ഹിയില്‍ ഒരു പെട്ടി ഉണ്ടാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിക്കണം. ആര്‍ക്കും അതൊക്കെ നിക്ഷേപിക്കാവുന്ന ഒരു വലിയ പെട്ടി. ഒരു തപാല്‍ പെട്ടിയുടെ സ്വഭാവം അതിനുണ്ടായാല്‍ മതി. അതല്ലാതെ ഒരു സര്‍ക്കാര്‍ ഓഫീസും അതൊന്നും തിരികെ വാങ്ങരുത് എന്ന നിര്‍ദ്ദേശവും പോകണം. മാത്രമല്ല, എന്തും തിരികെ നല്കേണ്ടവര്ക്ക് അത് അവിടെ നിക്ഷേപിക്കാം എന്നൊരു പത്രക്കുറിപ്പും സര്‍ക്കാര്‍ പുറത്തിറക്കണം. പക്ഷെ, പുരസ്കാരം തിരികെ നല്കുന്നവര് ആ സമ്മാനത്തിനോപ്പം സ്വീകരിച്ച പണവും അതിനു ഇതുവരെയുള്ള ബാങ്ക് പലിശയും തിരികെ നല്കി എന്നത് തീര്‍ച്ചപ്പെടുത്തണം. പുരസ്കാരങ്ങള്‍, അതായത് ആ പ്ലേക്, എല്ലാം ലേലം ചെയ്യണം, പരസ്യമായി. അവസാനം, അങ്ങിനെ മടക്കിക്കിട്ടിയ പണവും, പുരസ്കാരം ലേലം ചെയ്ത് ലഭിക്കുന്ന തുകയും ഒന്നുകില്‍ ഏതെങ്കിലും അനാഥാലയത്തിന് നല്‍കുക. അല്ലെങ്കില്‍ അതിര്‍ത്തിയില്‍ ജീവന് ബലിയര്‍പ്പിച്ച നമ്മുടെ ധീരജവാന്മാരുടെ കുടുംബത്തിനു നല്‍കുക. ഈ പുരോഗമന പുരസ്കാര ജേതാക്കളെക്കൊണ്ട് അങ്ങിനെയെങ്കിലും ഒരു പ്രയോജനം ഉണ്ടാവട്ടെ.
ഇതൊക്കെ ഇവിടെയല്ലാതെ വേറെ എവിടെയെങ്കിലും നടക്കുമോ. അതാണ് ഏവരും അറിയേണ്ടത്, മനസിലാക്കേണ്ടത്. എന്നിട്ടും ഇക്കൂട്ടര്‍ പറയുന്നു, അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത അവസ്ഥയാണ് എന്ന്. കോണ്‍ഗ്രസ് ആണ് ഇവിടെ അന്ന് ഏകാധിപത്യം അടിച്ചേല്‍പ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് നാണമില്ലാതെ ഭരണക്കാര്‍ക്ക് ഓശാന പാടിയ കൂട്ടരാണ് ഇടതുപക്ഷക്കാര്‍ എന്നത് മറന്നുകൂടാ. സിപിഐ അക്കാലത്ത് ഏകാധിപത്യത്തിന്റെ സംരക്ഷകരായിരുന്നു. സിപിഎം ആവട്ടെ നാവനക്കാതെ മാളത്തില്‍ കഴിഞ്ഞുകൂടിയവരും. ഇന്നിപ്പോള്‍ കോണ്‍ഗ്രസിന്റെയും ഇടതു വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പിന്നാലെ നടന്നു ജീവിച്ചവര്‍ ഒന്നിച്ചുപറയുന്നു, ഇവിടെ സ്വാതന്ത്ര്യമില്ലാ എന്ന്. അവരുടെ ഒക്കെ രാഷ്ട്രീയ ഗതികേട് എത്രമാത്രം വളര്‍ന്നു എന്നല്ലേ മനസിലാക്കേണ്ടത്?.
Discussion about this post