ലോകത്തുള്ള തേനീച്ചകൾ മുഴുവൻ നേരം ഇരുട്ടി വെളുക്കുമ്പോൾ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ? നമുക്ക് തേൻ ലഭിക്കാതെ വരും എന്നായിരിക്കും പലരുടെയും മനസിൽ വരുന്ന മറുപടി. ലോകത്തു തേനീച്ചകൾ ഇല്ലാതായാൽ പിന്നെ 4 വർഷത്തിനപ്പുറം മനുഷ്യരാശിയും ഇല്ലാതാകും ‘ ആൽബർട്ട് ഐൻസ്റ്റീന്റെ പ്രവചനമാണിത്. പൂമ്പൊടിയേന്തി തേൻ നുകർന്ന് പാറിപ്പറന്നു നടക്കുന്ന ഈ കൊച്ചുപ്രാണിക്ക് അതിനുള്ള ശക്തിയുണ്ടോ? ഉണ്ടെന്ന് തന്നെയാണ് ഉത്തരം. ലോകത്തു 80% പരാഗണവും നടക്കുന്നതു തേനീച്ചകൾ വഴിയാണ്. പരാഗണം നടന്നില്ലെങ്കിൽ ചെടികളുടെ വംശവർധന ഇല്ലാതാകും. ചെടികൾ ഇല്ലെങ്കിൽ ഭക്ഷണമില്ല,പച്ചപ്പില്ല നിലനിൽപ്പും ഇല്ല. ഈ കൊച്ചു ജീവികൾ ഓരോ വർഷവും സംഭാവന ചെയ്യുന്ന സാമ്പത്തിക ലാഭമെത്രയാണെന്നോ -265 ബില്ല്യൺ ഡോളർ. ഒന്ന് ഒന്നിനെ ആശ്രയിച്ചാണ് പ്രകൃതി മുന്നോട്ട് നീങ്ങുന്നത്. ഒന്നില്ലാതെ മറ്റൊന്നില്ല.ഒന്നും ഇവിടെ ഒറ്റയ്ക്കല്ല. ഒറ്റയ്ക്ക് ഒന്നിനും ഇവിടെനിലനിൽക്കാനാവില്ലെന്ന് പറയുന്നത് എത്ര അർത്ഥവത്താണല്ലേ..
ഷഡ്പദ വിഭാഗത്തിലെ എപ്പിഡെ (Apidae) കുടുംബ ത്തിൽപ്പെട്ട ഹണീബീ Honeybee) എന്ന ആംഗ ലേയ നാമത്തിൽ അറിയ പ്പെടുന്ന തേനീച്ചകളെ അന്റാർട്ടിക്ക് ഒഴികെയുള്ള എല്ലാ ഭൂപ്രദേശ ങ്ങളിലും കാണാം.ഇരുപതിനായിരത്തോളം ഇനം ബീ ഇനങ്ങൾ ഉണ്ടെങ്കിലും അവയിൽ നാൽപ്പത്തിമൂന്ന് സബ് സ്പീഷിസുകളുൾപ്പെടെ എട്ട് തേനീച്ച സ്പീഷിസുകളാണ് ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ളത്.
പൂവിൽ നിന്നു തേനീച്ചയ്ക്കു കിട്ടുന്ന മധുദ്രാവകത്തിനു 3% ഗാഢത മാത്രമേയുള്ളു. ഇതു ഭക്ഷിക്കുന്ന തേനീച്ച കൂട്ടിൽ ചെന്നു മറ്റൊരു തേനീച്ചയ്ക്കു നൽകും. ഈ ഈച്ച മറ്റൊന്നിനു നൽകും. ഇങ്ങനെ 20 ഈച്ചകളെങ്കിലും കഴിച്ചുകഴിയുമ്പോഴാണു തേനിന് 70% ഗാഢത കൈവന്നു യഥാർഥ തേനായി മാറുന്നത്. ഇവ പിന്നീടു ഭക്ഷിക്കാനായി കൂടുകളിൽ സൂക്ഷിച്ചു വയ്ക്കും.വിരിഞ്ഞുനിൽക്കുന്ന പൂവിലെ തേനിന്റെ തോത് അറിയാൻ സസ്യശാസ്ത്രജ്ഞന് കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ, തേനീച്ചകൾക്ക് അത് അനായാസം തിരിച്ചറിയാൻ കഴിയുന്നു. തേനീച്ചകൾ മധുവിന്റെ ഒരു ഉറവിടം കണ്ടെത്തിയാൽ മറ്റുള്ളവർക്ക് അത് അറിയിച്ച് കൊടുക്കുന്നത് ഒരു നൃത്ത ഭാഷയിലൂടെയാണ് . സഹജീവികൾക്ക് വഴി പരിചയപ്പെടുത്തുന്ന ഈ പ്രക്രിയക്ക് തേനീച്ച നൃത്തം എന്നാണ് പറയുന്നത്.
ഏത് സമയവും ജോലിയിൽ മുഴുകിയിരിക്കുന്ന ജീവിവർഗമാണ് തേനീച്ചകൾ. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത ജോലികളാണ് ഇവയ്ക്കുള്ളത്. തങ്ങളുടെ ജോലികൾ മടികൂടാതെ കൃത്യതയോടെ നിർവഹിക്കുന്ന ഇവ, പഴങ്ങളിൽ നിന്നും പുഷ്പങ്ങളിൽ നിന്നും പുഷ്‌പേതര ഗ്രന്ഥികളിൽ നിന്നും പൂന്തേൻ ശേഖരിച്ച് ദീർഘദൂരം സഞ്ചരിക്കുന്ന തേനീച്ചകൾ കൂട്ടിൽ വന്ന് അവിടുത്തെ ജോലിക്കാരായ കൂട്ടാളികൾക്ക് മധുവും പൂമ്പൊടിയും കൈമാറുകയും സുരക്ഷിതമായ അറകളിൽ അവ നിക്ഷേപിക്കുകയും ചെയ്യുന്നു
സ്വന്തമായി വലിയ കൂട് നിർമിച്ച് ജീവിക്കുന്ന തേനീച്ചക്കോളനികളിൽ ആയിരക്കണക്കിന് തേനീച്ചകൾ ഉണ്ടാവും. ഭൂരിഭാഗവും ജോലിക്കാരികളായ പെൺ ഈച്ചകളാണെങ്കിലും അവർക്കാർക്കും അണ്ഡാശയങ്ങൾ വികസിക്കാത്തതിനാൽ ഇണചേർന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള കഴിവില്ല. ലൈംഗിക പ്രത്യുത്പാദന രീതി അനുസരിച്ച്, ആണുമായി ഇണചേരലിലൂടെ അണ്ഡവും ബീജവും ചേർന്ന് സിക്താണ്ഡമായി മുട്ടയും ലാർവയും പ്യൂപ്പയും ഒക്കെ ആയി വിവിധ സ്വഭാവമുള്ള തേനീച്ചകളെ ഉണ്ടാക്കാൻ കൂട്ടത്തിലെ രാണി ഈച്ചയ്ക്ക് മാത്രമേ കഴിയു. രണ്ടോ മൂന്നോ വർഷത്തോളം ജീവിക്കുന്ന റാണി ഇണചേരാനും കൂടുപിരിയാനുമായിരണ്ട് പ്രാവശ്യം മാത്രമേ ജീവിതത്തിൽ കൂടിന്റെ വെളിയിൽ ഇറങ്ങൂ.
അതേസമയം തേനീച്ചകോളനികളിൽ ഇന്ന് വളരെ വലിയ കുറവാണ് സംഭവിക്കുന്നത്. എന്ത് കൊണ്ട് തേനീച്ച കോളനികൾ അപ്രത്യക്ഷമാകുന്നു എന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത് മനുഷ്യൻ ഉപയോഗിക്കുന്ന മാരകമായ ഒരു കീടനാശിനിയാണ്. ഈ കീടനാശിനി വളരെ അപകടത്തിന് കാരണമാകുന്നു. ഈ കീടനാശിനികൾ സസ്യങ്ങളുടെ മേലെ സ്‌പ്രേ ചെയ്യുന്നവയല്ല ,മറിച്ച് വിത്തിൽ നിക്ഷേപിക്കുന്ന ഇത്തരം കീടനാശിനികൾ കൂടുതൽ അപകടകാരികളാണ് ഇവ വളർന്നു വരുന്ന ചെടിയുടെ ഓരോ കോശങ്ങളിലുമെത്തുന്നു.ഈ ചെടിയിൽ നിന്നും തേനീച്ച തേൻ ശേഖരിച്ച് അവയുടെ കോളനിയിൽ നിക്ഷേപിക്കുമ്പോൾ കോളനി മുഴുക്കെ കീടനാശിനി പരക്കുന്നു . തേനീച്ചകളുടെ കേന്ദ്രനാഡീ വ്യവ സ്ഥയുടെ പ്രവർത്തനത്തെ ഈ കീടനാശിനികൾ തകരാറിലാക്കുന്നു . ഫലം തളർച്ചയും മരണവും കൂടെ മറവിയുമായിരിക്കും , കിലോമീറ്ററുകൾ സഞ്ചരിക്കുന്ന തേനീച്ചകൾക്ക് വഴി കണ്ടെത്തു ന്ന മെക്കാനിസം പ്രവർത്തനരഹിതമാകുമ്പോൾ അവ വഴി തെറ്റി മറ്റെവിടെയോ എത്തിച്ചേരുന്നു .കൂട്ടം തെറ്റിയ അവ പിന്നീട് മരണത്തിനു കീഴടങ്ങുന്നു
Discussion about this post