ലോകം കണ്ട ശക്തനായ കണിശക്കാരനായ ഭരണാധികാരികളിലൊരാൾ,ജനം തിരഞ്ഞെടുത്ത് രണ്ടാം ഊഴത്തിലിറങ്ങുമ്പോൾ വലം കൈയ്യായി ആദ്യം നോട്ടമിട്ടത്,കൂടെ ചേർത്തത് ഒരു ഇന്ത്യൻവംശജനെ. അതും രാജ്യസുരക്ഷ വരെ കൈകാര്യം ചെയ്യുന്ന ഏജൻസിയുടെ തലവനായി. ബുദ്ധികൂർമ്മതയും ചടുലതയും ഉൾക്കരുത്തും കുറുക്കനെപോലെ കുശാഗ്രബുദ്ധിയും ഒരുപോലെ ആവശ്യമുള്ള ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജൻസിയുടെ തലപ്പത്തേക്ക്, ഇന്ത്യൻവേരുകളുള്ള ഒരാൾ എത്തുകയാണ്. സാക്ഷാൽ ഡൊണാൾഡ് ട്രംപ് യാതൊരു സംശയവുമില്ലാതെ നാമനിർദ്ദേശം ചെയ്ത കശ്യപ് പട്ടേൽ എന്ന അമേരിക്കക്കാരുടെ സ്വന്തം കാഷ് പട്ടേലാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ അഥവാ എഫ്ബിഐയുടെ തലപ്പത്തേക്ക് എത്തുന്നത്. ഫിഡിലിറ്റി,ബ്രേവറി,ഇന്റഗ്രിറ്റി എന്ന മുദ്രാവാക്യത്തിലൂന്നി അമ്പരപ്പിക്കുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്ന എഫ്ബിഐയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട ഈ കാഷ് പട്ടേൽ യഥാർത്ഥത്തിൽ ആരാണ്? ഇത്രമേൽ ട്രംപ് കണ്ണടച്ച് വിശ്വസിക്കാൻ മാത്രം അദ്ദേഹം മുൻപ് നൽകിയ സംഭാവനകൾ എന്തൊക്കെയാണ്?
ഗുജറാത്തിലെ വഡോദരയിൽ വേരുകൾ ഉള്ള ഇന്ത്യൻ ഹിന്ദുവാണ് കശ്യപ് പട്ടേൽ എന്ന 45 കാരൻ. 1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിൽ ജനനം. റിച്ച്മണ്ട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദവും പേസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയ കാഷ് പട്ടേൽ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. അഭിഭാഷകനായാണ് കാഷ് പട്ടേൽ തന്റെ കരിയർ ആരംഭിച്ചത്. കൊലപാതകം,മയക്കുമരുന്ന് കടത്ത്, മുതൽ സംസ്ഥാന, ഫെഡറൽ കോടതികളിലെ ജൂറി വിചാരണകളിൽ സങ്കീർണ്ണമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെയുള്ള നിരവധി കേസുകൾ കൈകാര്യം ചെയ്തു.2005നും 2013നും ഇടയിൽ ഫ്‌ലോറിഡയിൽ കൗണ്ടി, ഫെഡറൽ പബ്ലിക് ഡിഫൻഡറായി പ്രവർത്തിച്ചു. 2014ൽ, അദ്ദേഹം യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നാഷണൽ സെക്യൂരിറ്റി ഡിവിഷനിൽ ഒരു ട്രയൽ അറ്റോർണിയായി നിയമിതനായി , അവിടെ അദ്ദേഹം ഒരേസമയം ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ ലെയ്സണായും സേവനമനുഷ്ഠിച്ചു . 2017ൽ, ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സീനിയർ കൗൺസിലായി അദ്ദേഹത്തെ നിയമിച്ചു.
അടിയുറച്ച ട്രംപ് അനുകൂലിയായാണ് കശ്യപ് അറിയപ്പെടുന്നത്. ട്രംപിനുവേണ്ടി എന്തു ചെയ്യാനും തയ്യാറുള്ളയാൾ എന്നും, അദ്ദേഹത്തിൻറെ ഏറ്റവുമടുത്ത വിശ്വസ്തൻ എന്നും ലേബലുള്ള കശ്യപ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഹൗസ് സ്റ്റാഫറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകൂടത്തിനു കീഴിലെ പ്രതിരോധ ഇൻറലിജൻസ് മേഖലയിലെ പല ഉയർന്ന തസ്തികകളിലും കശ്യപ് തൻറെ കഴിവു തെളിയിച്ചിട്ടുണ്ട്. ട്രംപ് മുൻപ് പ്രസിഡൻറായിരുന്ന കാലത്ത് പട്ടേൽ ദേശീയ ഇൻറലിജൻസ് ഡയറക്ടർക്കും പ്രതിരോധ സെക്രട്ടറിക്കും ഉപദേശം നൽകിയിരുന്നു. യുക്രൈൻ യുദ്ധത്തിൽ ട്രംപ് തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഉപദേഷ്ടാവായി പട്ടേൽ നിയമിതനാകുന്നത്. 2019ൽ നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ പട്ടേൽ അംഗമായി. പ്രതിരോധവും സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ ട്രംപിന് പട്ടേലിലുണ്ടായിരുന്ന വിശ്വാസം വാനോളം വളർത്തി2018ൽ പട്ടേൽ അക്കാലത്ത് ഹൗസ് ഇൻറലിജൻസ് കമ്മിറ്റിയുടെ തലവനായ പ്രതിനിധി ഡെവിൻ നൂൺസിൻറെ സഹായിയായി സേവനമനുഷ്ഠിച്ചു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്ന ആരോപണത്തിൽ നടന്ന അന്വേഷണത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുകയും റിപ്പബ്ലിക്കൻ താൽപര്യം സംരക്ഷിക്കുകയും ചെയ്തു.
നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ 2019ൽ നിയമിതനായ പട്ടേൽ ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി, അൽ ഖൈ്വദ നേതാവായിരുന്ന കാസിം അൽ റൈമി എന്നിവരുടെ വധത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായും അറിയപ്പെടുന്നു. കൗണ്ടർ ടെററിസം ഡയറക്ടറേറ്റിന്റെ സീനിയർ ഡയറക്ടറായി ട്രംപ് പട്ടേലിനെ നിയമിച്ചിരുന്നു. സിറിയയിൽ ബന്ദികളായ അമേരിക്കക്കാരെ തിരികെയെത്തിക്കുന്നതിലും കശ്യപ് പട്ടേൽ നിർണ്ണായക പങ്കു വഹിച്ചു. 2020ൽ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടർ റിച്ചാർഡ് ഗ്രെനലിന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടിയായി നിയമിക്കപ്പെട്ടു. ആക്ടിംഗ് ഡിഫൻസ് സെക്രട്ടറി ക്രിസ്റ്റഫർ മില്ലറുടെ ചീഫ് ഓഫ് സ്റ്റാഫായി പിന്നീട് നിയമിതനായി. ഇതോടെ പ്രതിരോധ വിഭാഗത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയായി പട്ടേൽ മാറിയിരുന്നു.
കണിശക്കാരനായ നിയമവിദഗ്ധൻ മാത്രമല്ല, ആഴത്തിലുള്ള ഹിന്ദുമതവിശ്വാസി കൂടിയായ അദ്ദേഹം ഇന്ത്യയുമായുള്ള തന്റെ ബന്ധം വിവരിക്കുന്നതിൽ എപ്പോഴും വാചാലനായിരുന്നു. തന്റെ ഇന്ത്യൻ പൈതൃകത്തെക്കുറിച്ചും അത് തന്റെ മൂല്യങ്ങളെയും കരിയറിനെയും എങ്ങനെ രൂപപ്പെടുത്തിയെന്നുമാണ് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുള്ളത്. നിയമിതനായാൽ, എഫ്ബിഐയെ സമൂലമായി മാറ്റുക എന്ന തൻറെ പ്രഖ്യാപിത ഉദ്ദേശ്യത്തോടെ കാഷ് പട്ടേൽ പ്രവർത്തിക്കും എന്നാണ് പ്രതീക്ഷ.”ഗവൺമെൻറ് ഗ്യാങ്സ്റ്റേഴ്സ്’ എന്ന പുസ്തകത്തിൽ അദ്ദേഹം പറഞ്ഞതുപോലെ,, എഫ്ബിഐ ആസ്ഥാനം വാഷിങ്ടനിൽ നിന്ന് മാറ്റുന്നതും എഫ്ബിഐക്കുള്ളിലെ ജനറൽ കൗൺസിലിൻറെ ഓഫിസിലെ അംഗസംഖ്യ കുറയ്ക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും കാത്തിരുന്ന് കാണാം. എന്തായാലും എഫ്ബിഐ തലവൻ പോലുള്ള ഉന്നത അധികാരസ്ഥാനത്തേക്ക് ഒരു ഇന്ത്യൻവശംജൻ എത്തുമ്പോൾ അഭിമാനിക്കാനുള്ള വക നമുക്കും ഏറെയാണ്.
Discussion about this post