തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിനേക്കാള്‍ തിളര്മാര്ക്ക വിജയമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടുകയെന്ന് മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി പറഞ്ഞു. രാവിലെ 10.15 ഓടെ ജഗതിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തേതിനാക്കാള്‍ വലിയ ആരോപണങ്ങളുടെ കൂമ്പാരമായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. ജനങ്ങളുടെ മനസ്സില്‍ യു.ഡി.എഫ് അല്ലാതെ മറ്റാരുമില്ല. മറ്റ് ബദലുകള്‍ ജനങ്ങള്‍ക്ക് പേടിസ്വപ്നമാണ്. ഒറ്റപ്പെട്ട ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരിനോടുള്ള ജനങ്ങളുടെ താത്പര്യം വര്‍ധിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ തെരഞ്ഞെടുപ്പോടെ യു.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുകയും എല്‍.ഡി.എഫിന്റെ അടിത്തറ ദുര്‍ബലമാവുകയും ചെയ്യും. വടക്കേ ഇന്ത്യയിലെ ഭയാനകമായ സംഭവവികാസങ്ങള്‍ കാരണം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കുവേണ്ടി വോട്ട് ചെയ്തവര്‍ പോലും ഇത്തവണ മാറി വോട്ട് ചെയ്യുമെന്നും ആന്റണി പറഞ്ഞു.
Discussion about this post