ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 250 എയർബസ് യാത്രാ വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പങ്കെടുത്ത വിർച്വൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. എയർബസ് വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ധാരണയായതായി ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാർ ഒപ്പിട്ട ടാറ്റ ഗ്രൂപ്പിനെയും എയർബസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
രാജ്യം വികസന പാതയിലാണ് എന്നത് വ്യക്തമാക്കുന്നതാണ് നമ്മുടെ സിവിൽ വ്യോമയാന രംഗത്തെ കുതിപ്പ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 74ൽ നിന്ന് 147 ആയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വ്യോമയാന രംഗത്ത് മൂന്നാമത്തെ വലിയ വിപണി ആകാനൊരുങ്ങുകയാണ് ഇന്ത്യ. അടുത്ത 15 വർഷത്തിനുള്ളിൽ രാജ്യത്തിന് 2000 വിമാനങ്ങൾ ആവശ്യമായി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇൻഡോ- പസഫിക് മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും കാര്യത്തിൽ എന്ന് മാത്രമല്ല, ആഗോള ഭക്ഷ്യ- ആരോഗ്യ സുരക്ഷാ മേഖലകളിലും ഇന്ത്യ- ഫ്രാൻസ് ബന്ധം പുത്തൻ മാതൃക സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പ്രതികരണം. ഊർജ്ജ സ്ഥിരതയ്ക്കും കാർബൺ രഹിത ഭാവിയ്ക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയുമായുള്ള കരാറിനെ ചരിത്രപരം എന്നാണ് എയർബസ് കമ്പനി വിശേഷിപ്പിച്ചത്.
Discussion about this post