ഇത്തവണത്തെ മഹാശിവരാത്രി അത്യപൂർവ്വമാണ്. ഈ ശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേർന്നാണ് വരുന്നത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അത് കൂടാതെ ശിവരാത്രി കൂടിയെത്തുമ്പോൾ ഈ ദിവസം കൂടുതൽ അനുഗ്രഹീതമാകും.
മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. ദേവിക്ക് പൗർണമി ദിനം പോലെ ,വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം.
ശനിപ്രദോഷ ശിവരാത്രി അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ശിവരാത്രി വ്രതമെടുത്ത് അനുഷ്ഠിച്ചാൽ ശനിദോഷങ്ങൾ ഉൾപ്പെടെ എല്ലാം പ്രശ്നങ്ങളും ദുരിതങ്ങളും മാറി ഐശ്വര്യം ലഭിക്കും. സർവ്വപാപങ്ങളിൽ നിന്നും മുക്തി നേടി ഒടുവിൽ പരമശിവനിങ്കൽ മോക്ഷം പ്രാപിക്കാനും സാധിക്കും.
ശിവരാത്രി നാളിൽ ശിവഭഗവാനെ പ്രാർത്ഥിച്ച് വ്രതമെടുത്ത് വഴിപാടുകളും മറ്റുമായി കഴിയാം. സാധിക്കുമെങ്കിൽ പൂർണ്ണ ഉപവാസം ആചരിച്ച്, രാത്രി ഉറക്കമുളച്ചിരുന്ന് ലിംഗാഷ്ടവും ശിവസഹസ്ര നാമങ്ങളും ശിവപുരാണ പാരായണവും നടത്താം.
ശിവപാർവ്വതി സങ്കൽപ്പത്തിൽ പ്രാർത്ഥിക്കുന്നതാണ് എപ്പോഴും നല്ലത്. ശിവക്ഷേത്രത്തിൽ കൂവള ഇലകൾ, എരിക്കിൻ മാല എന്നിവ അർപ്പിക്കാം. പാൽ, തേൻ, കരിക്ക്, ഭസ്മം എന്നിവയാൽ അഭിഷേക വഴിപാടുകളും ധാര വഴിപാടുകളും, പിൻവിളക്കും നടത്താവുന്നതാണ്.
Discussion about this post