ലണ്ടൻ : ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ ലണ്ടനിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ”ജയ് ഭവാനി, ജയ് ശിവാജി” വിളികളാണ് മുഴങ്ങിക്കേട്ടത്.
ക്വീൻ മേരി യൂണിവേഴ്സിറ്റി, സോയാസ് യൂണിവേഴ്സിറ്റി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ ഒത്തുകൂടി, ഛത്രപതി ശിവാജി മഹാരാജിനെ അനുസ്മരിച്ചു. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയ അഡ്വ സംഗ്രാം ഷെവാലെയുടെ നേതൃത്വത്തിലാണ് ലണ്ടൻ സിറ്റി പാർലമെന്റ് സ്ക്വയറിൽ ആഘോഷപരിപാടികൾ നടന്നത്.
ഇതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ള വസ്ത്രവും ഓറഞ്ച് നിറത്തിലുള്ള സ്കാർഫും ധരിച്ച വിദ്യാർത്ഥികൾ ജയ് ഭവാനി, ജയ് ശിവാജി, ജയ് ജയ് ശിവ്റായി തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം ഇന്ത്യയിൽ ശിവാജി മഹാരാജിന്റെ 393 ാം ജന്മദിനം വിപുലമായി ആഘോഷിച്ചു. ബിജെപിയുടെയും നിരവധി ഹിന്ദു സംഘടനകളുടെയും നേതാക്കളുടെ നേതൃത്വത്തിൽ നിരവധി റാലികളാണ് രാജ്യമെമ്പാടും അരങ്ങേറിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ആഗ്ര ഫോർട്ടിൽ വെച്ചും ജന്മദിനാഘോഷപരിപാടികൾ നടന്നു. ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും മറ്റ് നിരവധി മന്ത്രിമാരും പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി ശിവാജിയുടെ ജീവിതകഥയും പ്രദർശിപ്പിച്ചിരുന്നു.
Discussion about this post