ലാഹോർ: പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്ന ലാഹോർ സ്റ്റേഡിയത്തിലെ എട്ട് സുരക്ഷാ ക്യാമറകൾ മോഷണം പോയി. ക്യാമറകൾക്കൊപ്പം ജനറേറ്ററിലെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷ്ടിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റേഡിയം. പാകിസ്താൻ സൂപ്പർലീഗ് നടക്കുന്നത് കണക്കിലെടുത്ത് അധികസുരക്ഷയുടെ ഭാഗമായിട്ടാണ് അടുത്തിടെ സ്റ്റേഡിയത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. ലാഹോർ ക്വാലാൻഡേഴ്സും പെഷവാർ സൽമിയും തമ്മിലുള്ള പിഎസ്എൽ മത്സരം ഇന്നലെ നടന്നത് ലാഹോറിലെ സ്റ്റേഡിയത്തിലായിരുന്നു.
മുൾട്ടാനിലും കറാച്ചിയിലുമായിട്ടാണ് ബാക്കി മത്സരങ്ങൾ നടത്തിയത്. ലീഗ് ഘട്ടത്തിലെ നാല് മത്സരങ്ങൾ കൂടി ലാഹോറിലെ ഈ സ്റ്റേഡിയത്തിലാണ് നടക്കേണ്ടത്. പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതും ഈ സ്റ്റേഡിയത്തിലാണ്. അതേസമയം മോഷ്ടാക്കൾ സ്റ്റേഡിയത്തിൽ നിന്ന് രക്ഷപെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Discussion about this post