കൊല്ലം: ശൂരനാട് ചാരുംമൂട് ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിറ്റ പ്രതികൾ അറസ്റ്റിൽ. നൂറനാട് സ്വദേശി ഷൈജു ഖാൻ, ശൂരനാട് സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഇരുചക്രവാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കരുനാഗപ്പള്ളിയിലേക്ക് കഞ്ചാവ് വിൽക്കാനായി ഇരു ചക്രവാഹനത്തിൽ പോകുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് പോലീസ് പിടിയിലായത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അതിസാഹസികമായാണ് കീഴ്പ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ട് കിലോ കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ആദ്യം തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ആളായിരുന്നു ഷിജു ഖാൻ. ചാരംമൂട് കെഐപി കനാലിന്റെ പുറമ്പോക്കിൽ ആയിരുന്നു ഇയാളുടെ തട്ടുകട. ഭക്ഷണത്തിനൊപ്പം കഞ്ചാവും പാഴ്സലിൽ വച്ചായിരുന്നു ഇയാൾ രഹസ്യമായി വിൽപ്പന നടത്തിയിരുന്നത്. ഒരു പൊതിയ്ക്ക് 500 രൂപയും ഈടാക്കിയിരുന്നു. എന്നാൽ ഷിജുവിന്റെ പക്കൽ നിന്നും കഞ്ചാവ് വാങ്ങിയ ആളെ പോലീസ് പിടികൂടി. ഇതോടെ ഇയാൾക്കെതിരെ കേസ് എടുക്കുകയായിരുന്നു. പുറമ്പോക്കിലുണ്ടായിരുന്ന ഇയാളുടെ കടയും ഇടിച്ച് പൊളിച്ചു.
അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ഷിജു ഖാൻ കോടതിയിൽ കീഴടങ്ങി. ഇതുമായി ബന്ധപ്പെട്ട ശിക്ഷാ കാലാവധി അവസാനിച്ച ശേഷമായിരുന്നു ഇയാൾ ഗോപകുമാറിനെ പരിചയപ്പെട്ടത്. ഉത്സവപ്പറമ്പുകളിൽ ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ ആയിരുന്നു ഗോപകുമാറിന്റെ കഞ്ചാവ് വിൽപ്പന. പരിചയത്തിലായ ഇരുവരും ഒന്നിച്ച് കഞ്ചാവ് വിൽപ്പന ആരംഭിക്കുകയായിരുന്നു.
Discussion about this post