മുംബൈ: സോനു നിഗമിന്റെ പിതാവ് അഗംകുമാർ നിഗമിന്റെ വീട്ടിൽ 72 ലക്ഷം രൂപയുടെ മോഷണം. സംഭവവുമായി ബന്ധപ്പെട്ട് അഗംകുമാറിന്റെ മുൻ ഡ്രൈവർ രെഹാനെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ അന്ധേരിയിൽ വിൻഡ്സർ ഗ്രാന്റ് അപ്പാർട്ട്മെന്റിലാണ് അഹംകുമാർ താമസിക്കുന്നത്. ഈ മാസം 19,20 തിയതികളിലായിട്ടാണ് മോഷണം നടന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് വെർസോവയിൽ താമസിക്കുന്ന മകൾ നികിതയുടെ വീട്ടിലേക്ക് അദ്ദേഹം പോയിരുന്നു. വീട്ടിൽ തിരികെ എത്തിയപ്പോഴായാണ് മോഷണ വിവരം അറിയുന്നത്. അലമാരയിൽ പരിശോധിച്ചപ്പോൾ 40 ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് മകളെ വിളിച്ച് ഇക്കാര്യം അറിയിച്ചു.
തൊട്ടടുത്ത ദിവസം അഗംകുമാർ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് ലോക്കറിലുണ്ടായിരുന്ന 32 ലക്ഷം രൂപ കൂടി നഷ്ടമായതായി മനസിലാകുന്നത്. തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന് സിസിടിവി പരിശോധിച്ചപ്പോൾ രെഹാൻ വീടിനുള്ളിലേക്ക് പോകുന്നതായി കണ്ടു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീടിനുളളിൽ കടന്നത്. പിന്നാലെ നികിത പോലീസിൽ പരാതി നൽകുകയും, രെഹാനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എട്ട് മാസത്തോളം അഗംകുമാറിന്റെ ഡ്രൈവറായിരുന്നു രെഹാൻ. അടുത്തിടെയാണ് ഇയാളെ പിരിച്ച് വിടുന്നത്.
Discussion about this post