മാവേലിക്കര: കിണറിൽ വീണ രണ്ട് വയസ്സുകാരനായ അനിയനെ അതിസാഹസികമായി രക്ഷിച്ച് എട്ട് വയസ്സുകാരി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അനുജൻ ഇവാന്റെ ജീവൻ രക്ഷിച്ചത്. പൈപ്പിലൂടെ ഊർന്നിറങ്ങിയാണ് ദിയ ഇവാനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ഇവരുടെ അമ്മ ഷാജില മുറ്റത്ത് പാത്രം കഴുകുകയായിരുന്നു. ദിയയും അനുജത്തി ദുനിയയും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോയ ഇവാൻ ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പിൽ ചവിട്ടി മുകളിലേക്ക് കയറി. തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകർന്ന് കുട്ടി കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. 20 അടിയോളം താഴ്ചയാണ് കിണറിനുള്ളത്.
ശബ്ദം കേട്ട് ഓടിയെത്തിയ ദിയ അനുജൻ കിണറിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കിണറ്റിലേക്കുള്ള പൈപ്പിലൂടെ ഊർന്നിറങ്ങിയ ദിയ ഇവാനെ പിടിച്ചു പൊക്കി നെഞ്ചോട് ചേർത്ത് കിടന്നു. മറ്റേ കൈ കൊണ്ട് പൈപ്പിൽ പിടിച്ച് കിടന്നു. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും കിണറിൽ നിന്ന് പുറത്തെടുത്തത്.
തലയിൽ ചെറിയ പരിക്ക് പറ്റിയ ഇവാൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ദിയക്ക് പരിക്കുകളില്ല. വെട്ടിയാർ ഇരട്ടപ്പള്ളിക്കൂടം ഗവ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ.
Discussion about this post