മുംബൈ: മാഗി നിരോധം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ബോംബെ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഉപദേശം തേടിയ മഹാരാഷ്ട്രക്ക് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയും കേന്ദ്ര നിയമ മന്ത്രാലിയവും അനുകൂല മറുപടിയാണ് നല്‍കിയത്.
ഈയത്തിന്റെ അംശം അപകടകരമായ തോതില്‍ ഉള്ളതിനാല്‍ ഉപയോഗ യോഗ്യമല്ലെന്നു പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മാഗി ന്യൂഡില്‍സ് നിരോധിച്ചത്. എന്നാല്‍, രണ്ട് മാസത്തിനു ശേഷം നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയാണ് സര്‍ക്കാര്‍ നിരോധമെന്ന് വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി ഉപാധികളോടെ മാഗി നിരോധം എടുത്തുകളഞ്ഞു. സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച ശേഷമേ വിപണിയില്‍ ഇറക്കാവൂ എന്ന നിര്‍ദേശത്തോടെയായിരുന്നു ഉത്തരവ്. തുടര്‍ന്ന് തിങ്കളാഴ്ച ഓണ്‍ലൈന്‍ വിപണി വഴി മാഗി തിരിച്ചത്തെുകയും ചെയ്തു.
ബോംബെ ഹൈകോടതി നിര്‍ദേശ പ്രകാരം മൂന്ന് ദേശീയാംഗീകൃത ലാബുകളില്‍ പരിശോധന നടത്തിയ ശേഷമാണ് തിങ്കളാഴ്ച മാഗി ഓണ്‍ലൈന്‍ വിപണിയില്‍ സജീവമായത്. ഈയത്തിന്റെ അംശം അനുവദനീയമായതിലും താഴെയാണെങ്കിലും പാക്കിങില്‍ കൃത്രിമമുണ്ടെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റ് ഫുഡ് കമീഷണര്‍ ജി. പര്ലീക്കര് പറഞ്ഞു.
പാക്കറ്റില്‍ പറഞ്ഞ തോതിലല്ല മാഗ്ഗിയിലെ ഘടകങ്ങളെന്നതാണ് കണ്ടെത്തല്‍. അതേ സമയം ഈയത്തിന്റെ അംശം അനീവദനീയമായതില് കൂടുതലല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം മാഗി മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന നിലപാടില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി തന്നെ മഹാരാഷ്ട്രക്കായി ഹാജരാകുമെന്നാണ് സൂചന. അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മഹാരാഷ്ട്ര നിയമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post