ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് അരുണാചൽ പ്രദേശിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം അരുണാചലിൽ എത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കിബിത്തു ഗ്രാമത്തിൽ സന്ദർശനം നടത്തിയ ശേഷം ‘വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കൊണ്ട് കേന്ദ്രം ആരംഭിക്കുന്ന പുതിയ പദ്ധതിയാണിത്.
അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിലെ 19 ജില്ലകളിൽ നിന്നുള്ള 2967 ഗ്രാമങ്ങളിലായിരിക്കും ഇതിന് കീഴിൽ വരുന്നത്. രാജ്യത്തിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളുടെ വികസനമാണ് വിവിപി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ അതിർത്തി ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിനായി 2023-26 വരെയുള്ള സാമ്പത്തിക വർഷത്തേക്കായി 4800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടത്താൻ വിവിപി സഹായിക്കും. റോഡ്, കുടിവെള്ളം, സൗരോർജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി, മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി, ടൂറിസം കേന്ദ്രങ്ങൾ, ആരോഗ്യസംവിധാനം തുടങ്ങീ എല്ലാ മേഖലകളിലും വിവിപി വഴി വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
കിബിത്തുവിൽ എത്തുന്ന അമിത്ഷാ പ്രദേശവാസികളുമായി സംവദിക്കും. അതിന് ശേഷം കിബിത്തൂ ബോർഡർ ഔട്ട്പോസ്റ്റിൽ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരുമായും ആശയവിനിമയം നടത്തുും. റിമ-ടാറ്റു മേഖലയിൽ ചൈന നടത്തുന്ന സൈനികവിന്യാസവും പരിശോധിക്കും.
Discussion about this post