സൗദി സന്ദർശനത്തിന്റെ പേരിൽ രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് വ്യക്തമാക്കിയ ലിയോണൽ മെസ്സിക്ക് 40 കോടി യുഎസ് ഡോളറിന്റെ (3270 കോടി) വാർഷിക ഓഫറുമായി സൗദി ക്ലബ്ബ് അൽ ഹിലാൽ. പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസർ ക്ലബ്ബിന്റെ എതിരാളികളാണ് അൽ ഹിലാൽ. അടുത്ത സീസണിലേക്കുള്ള ഔദ്യോഗിക ഓഫറാണ് ക്ലബ്ബ് മുന്നോട്ട് വച്ചിരിക്കുന്നത്.
മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സിയുമായി ഈ ഡീലിനെക്കുറിച്ച് ക്ലബ് അധികൃതർ ആദ്യവട്ട ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മെസ്സിയോ ക്ലബ്ബോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പഴയ ക്ലബ്ബായ ബാർസിലോണയിലേക്ക് മെസി തിരികെ പോയേക്കുമെന്ന സൂചനകൾക്കിടെയാണ് വൻ ഓഫറുമായി സൗദി ക്ലബ്ബിന്റെ രംഗപ്രവേശം.
അറേബ്യൻ സന്ദർശനം നടത്തിയ ലയണൽ മെസ്സിയെ പിഎസ്ജി 2 ആഴ്ച്ചത്തേയ്ക്ക് വിലക്കിയിരിക്കുകയാണ്. സസ്പെൻഷൻ കാലയളവിൽ ക്ലബ്ബിൽ പരിശീലനം നടത്താനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് മെസ്സി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് മെസ്സി പിഴയൊടുക്കണമെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. വിലക്കിന് പിന്നാലെ വാർഷിക കരാർ മെസ്സി പുതുക്കില്ലെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. 22 കോടി യുഎസ് ഡോളറാണ് ക്രിസ്റ്റ്യാണോ റൊണാൾഡോയ്ക്ക് സൗദി ഫുട്ബോൾ ക്ലബായ അൽ നസർ മുടക്കിയത്.
Discussion about this post