കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിന് തൊട്ടടുത്തുള്ള വസ്ത്രവിൽപ്പനശാലയിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ജി3, ജി4 എന്നിങ്ങനെ രണ്ട് റൂമുകൾ ഈ മാസം 18ന് ബുക്ക് ചെയ്തിരുന്നു, സിദ്ദിഖിന്റെ പേരിലാണ് മുറികൾ ബുക്ക് ചെയ്തിരുന്ന്. ജി4ൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് സൂചന. 19ാം തിയതി വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ കാറിൽ കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.
കാർ എത്തി പതിനഞ്ച് മിനിട്ടിന് ശേഷമാണ് ആദ്യത്തെ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. പിന്നീട് കുറച്ച് സമയം കഴിഞ്ഞാണ് അടുത്ത ബാഗുമായി യുവതി എത്തുന്നത്. രണ്ട് ബാഗുകളും കാറിനുളളിൽ കയറ്റിയതിന് ശേഷം കാർ മുന്നോട്ട് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. ഇത് കേടായിരുന്നുവെന്നും പിന്നീട് 19നാണ് പുന:സ്ഥാപിച്ചതെന്നും ഹോട്ടൽ അധികൃതർ പറയുന്നു.
Discussion about this post