ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ബലാസോറിലെ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം ആദ്യം ഓടിയെത്തിയത് അപകടസ്ഥലത്തിന് സമീപത്തെ ആർഎസ്എസ് ശാഖയിലെ സ്വയം സേവകരും. അപകടത്തിന്റെ ആഴം മനസിലായതോടെ ഇവർ സമീപദേശങ്ങളിലെ ആർഎസ്എസ് കാര്യകർത്താക്കളെക്കൂടി വിവരം അറിയിച്ചു. അപകടം നടന്ന് അര മണിക്കൂർ പിന്നിടുമ്പോൾ 7.30 ഓടെ സമീപ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ സ്വയംസേവകരെത്തി രക്ഷാപ്രവർത്തനത്തിൽ സജീവമായി.
വൈകിട്ട് 6.55 നാണ് ബലാസോറിൽ അപകടം ഉണ്ടാകുന്നത്. അപകടത്തിന്റെ ആഘാതത്തിൽ തകർന്ന ബോഗികളിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കാനും ആശുപത്രികളിലേക്ക് മാറ്റാനും രക്ഷാപ്രവർത്തകരുടെ വലിയ ശൃംഖലയാണ് ബലാസോറിൽ മണിക്കൂറുകൾക്കകം രൂപപ്പെട്ടത്. ഇതിന്റെ നട്ടെല്ലായിരുന്നു ആദ്യം ദുരന്തമുഖത്ത് എത്തിയ ആർഎസ്എസ് സ്വയം സേവകരെന്ന് പ്രദേശവാസികൾ തുറന്നുപറയുന്നു.
അപകട സ്ഥലത്തിന് തൊട്ടടുത്ത് ആർഎസ്എസ് ശാഖ നടന്നിരുന്നു. ഇവിടെ നിന്നുളളവരാണ് നാട്ടുകാർക്കൊപ്പം ആദ്യം സ്ഥലത്ത് ഓടിക്കൂടിയത്. അപകടത്തിന്റെ വ്യാപ്തി മനസിലായതോടെ ക്രമേണ ഇത് 250 ഓളം വരുന്ന ഒരു സംഘമായി കുറഞ്ഞ സമയത്തിനുളളിൽ മാറി. രക്ഷാപ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു.
അപകടത്തിൽപെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ രക്തദാനത്തിനും ഭക്ഷണവും വെളളവും ഉൾപ്പെടെയുളള താൽക്കാലിക ആശ്വാസം എത്തിക്കാനും സ്വയംസേവകർക്കൊപ്പം എബിവിപിയുടെയും ബജ്റംഗ്ദളിന്റെയും പ്രവർത്തകരും രാത്രിയോടെ തന്നെ സജീവമായി രംഗത്തിറങ്ങി. അപകടത്തിന്റെ ആഴം പുറംലോകമറിഞ്ഞ പിറ്റേന്ന് രാവിലെയോടെ രക്ഷാപ്രവർത്തകരുടെ വലിയ ഒരു ശൃംഖലയാണ് ആർഎസ്എസ്, എബിവിപി പ്രവർത്തകർ ഒരുക്കിയത്. പുലർച്ചെ 3 മണിയോടെ 400 യൂണിറ്റ് രക്തം ഇവർ ദാനം ചെയ്തുകഴിഞ്ഞതായി പ്രാദേശിക ആർഎസ്എസ് നേതൃത്വം വ്യക്തമാക്കുന്നു.
അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ യൂണിറ്റ് രക്തം വേണമെന്ന് ആശുപത്രികളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ മറ്റ് നിരവധി സന്നദ്ധ പ്രവർത്തകർക്കൊപ്പം സ്വയംസേവകരും എബിവിപി, ബജ്റംഗ്ദൾ പ്രാദേശിക പ്രവർത്തകരും ആശുപത്രികളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
അപകടത്തിൽപെട്ട ബന്ധുക്കളെ അന്വേഷിച്ച് എത്തുന്നവരെ സഹായിക്കുന്നതിലടക്കം പ്രവർത്തകർ സജീവമായി. പരിക്കേറ്റ് കിടന്ന പലർക്കും വീട്ടുകാരെ ഫോൺ വിളിക്കാനും അവരെ ബന്ധപ്പെടാനും സഹായിച്ചത് എബിവിപിയുടെ വോളന്റിയർമാരായിരുന്നു. വനിതാ പ്രവർത്തകർ അടക്കം ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗമായതായി എബിവിപി നേതൃത്വം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവർത്തകർക്കായി ഭക്ഷണം തയ്യാറാക്കുന്നതിന്റെയും ആശുപത്രികളിൽ വെളളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നതിന്റെയും രക്തദാനത്തിന്റെയുമൊക്കെ ചിത്രങ്ങൾ എബിവിപിയുടെ ട്വിറ്റർ പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. എബിവിപി ബലാസോർ യൂണിറ്റിൽ നിന്നുളള പ്രവർത്തകരായിരുന്നു ഇതിൽ സജീവമായിരുന്നത്.
Discussion about this post