ഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ഡല്‍ഹി വിനിതാ കമ്മീഷന് ശനിയാഴ്ച അര്‍ധരാത്രി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി അവധിക്കാല ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാളാണ് രാത്രി വൈകി സ്പെഷ്യല്‍ ലീവ് പെറ്റീഷന് സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിനെയും അവര്‍ സന്ദര്‍ശിച്ചു. മോചനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് രാത്രിതന്നെ പരിഗണിക്കണമെന്ന ആവശ്യവും സുപ്രീം കോടതി നിരാകരിച്ചു.
ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് കുറ്റവാളിയുടെ മനോനിലയില്‍ മാറ്റം വന്നിട്ടില്ല എന്നതടക്കമുള്ള കാര്യങ്ങളാണ് വനിതാ കമ്മീഷന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സമൂഹത്തിന് ഭീഷണിയായ അപകടകാരിയായ കുറ്റവാളിയുടെ മനോനില പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ഹര്‍ജി വെക്കേഷന് ബഞ്ചിന് കൈമാറിയത്. ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബഞ്ചാവും കേസ് പരിഗണിക്കുക. മുംബൈ സ്ഫോടന പരമ്പരക്കേസില്‍ യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീം കോടതി പുലര്‍ച്ചെ മൂന്നിന് പരിഗണിച്ചിരുന്നു. ഇതിന് സമാനമായി ഡല്‍ഹി വനിതാ കമ്മീഷന്റെ ഹര്‍ജി രാത്രിതന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ട് റിമാന്‍ഡ് ഹൗസിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ നിര്‍ഭയയുടെ മാതാപിതാക്കളെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി വനിതാ കമ്മിഷന് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കുട്ടിക്കുറ്റവാളിയെ ഇന്ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധുക്കള്‍ക്ക് കൈമാറാനാണ് തീരുമാനം. കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കരുതെന്ന ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
Discussion about this post