ഏറ്റുമാനൂർ (കോട്ടയം): ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേൽ അനിൽ വർക്കി (26) നെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനു രാവിലെയാണ് അതിരമ്പുഴ കാട്ടൂപ്പാറ ഷൈമോൾ സേവ്യർ (24)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് , യുവതിയുടെ ഭർത്താവിനെ സ്ത്രീധനത്തിന്റെ പേരിലുള്ള മരണം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മകളെ ഭർതൃവീട്ടുകാർ അപായപ്പെടുത്തിയതാണെന്ന സംശയത്തെത്തുടർന്ന് യുവതിയുടെ അമ്മ ഷീല ഷാജിയാണ് പോലീസിൽ പരാതി നൽകിയത്. മരിക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപ് ഫോൺ വിളിച്ചു ഭർത്താവ് ഉപദ്രവിക്കുന്നതായി മകൾ പറഞ്ഞിരുന്നുവെന്നും ഷീല നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ ഷൈമോളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുള്ളതായി ബന്ധുക്കൾ ആരോപിച്ചു. ഷൈമോളെ നെഞ്ചു വേദനയെത്തുടര്ന്നു ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നും ഉടൻ എത്തിച്ചേരണമെന്നും അനിലിന്റെ വീട്ടുകാർ ഷീലയെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷമാണു മരണ വിവരം ഷീല അറിയുന്നത്.
ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. നാലുവർഷം മുൻപ് വിവാഹിതരായ ഇവർക്കു രണ്ടു വയസുള്ള ഒരു കുട്ടിയുണ്ട്.
Discussion about this post