തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങൾ വഴി ഇപ്പോൾ നിരവധി തട്ടിപ്പുകൾ ആണ് നടക്കുന്നത്. നിരവധി പേരാണ് ഇത്തരം തട്ടിപ്പുകളിൽ ദിനംപ്രതി വീണു പോകുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ചില വ്യക്തികളുടെ പേരിൽ വ്യാജ ഐഡികൾ സൃഷ്ടിച്ച് അവരുടെ കോൺടാക്ടിൽ ഉള്ള സുഹൃത്തുക്കളോടും മറ്റും പണം കടം ചോദിക്കുന്നതാണ് പതിവായി കാണപ്പെടുന്ന തട്ടിപ്പ് രീതി. ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നതായി നിരന്തരം മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും നിഷ്കളങ്കരായ ചിലരെല്ലാം ഇപ്പോഴും ഇത്തരം ചതിക്കുഴികളിൽ വീണു പോകാറുണ്ട്.
ഇപ്പോഴിതാ തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേരിലാണ് വ്യാജ ഐഡി ഉണ്ടാക്കി ഒരാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. കളക്ടറുടെ കോൺടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളോട് ഇയാൾ പണം ആവശ്യപ്പെട്ടതിന്റെ സ്ക്രീൻഷോട്ട് സഹിതം കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസ് പങ്കുവെച്ചു. അത്യാവശ്യമായി അമ്പതിനായിരം രൂപ തരാമോ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു തരാം എന്നാണ് ഈ തട്ടിപ്പുകാരൻ കളക്ടറുടെ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നത്.
തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജെറോമിക് ജോര്‍ജ് ഐ.എ.എസ് അറിയിച്ചു. സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളോട് ജാഗ്രത പാലിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post